കാലിന് പരിക്ക്; അതിരപ്പിള്ളിയിലെ കാട്ടുകൊമ്പൻ ഏഴാറ്റുമുഖം ഗണപതിക്ക് ചികിത്സ നൽകും
Wednesday, March 5, 2025 12:05 PM IST
തൃശൂർ: അതിരപ്പിള്ളിയിൽ പരിക്കേറ്റ കാട്ടാന ഏഴാറ്റുമുഖം ഗണപതിക്ക് ചികിത്സ നൽകുമെന്ന് വനം വകുപ്പ്. ആനയുടെ കാലിനേറ്റ പരിക്ക് ഗുരുതരമല്ലെങ്കിലും ചികിത്സയുമായി മുന്നോട്ടു പോകാനാണ് ശിപാർശ.
സെൻട്രല്‍ സർക്കിൾ സിസിഎഫിന്റെ നിർദേശപ്രകാരം മൂന്നംഗ ഡോക്ടർമാരുടെ സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്. രണ്ടുദിവസം കൂടി ആനയെ നിരീക്ഷിച്ച് വീണ്ടും റിപ്പോർട്ട് സമർപ്പിക്കും. ആവശ്യമെങ്കിൽ മയക്കുവെടി വെച്ച് പിടികൂടി ചികിത്സിക്കാനാണ് തീരുമാനം. അഞ്ചിലധികം കൊമ്പൻമാർക്കൊപ്പമാണ് ഏഴാറ്റുമുഖം ഗണപതി ഇപ്പോഴുള്ളത്.
രണ്ടു ദിവസമായി ആനമുടന്തിയാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചത്. കാൽപാദം നിലത്തുറപ്പിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് ആന. മുള്ളുവേലിയിലെ കമ്പി കാലിൽ തറച്ചിട്ടുണ്ടോ എന്നാണ് വനംവകുപ്പിന്റെ സംശയം. ദിവസം കഴിയുംതോറും ആന കൂടുതൽ ക്ഷീണിച്ച് വരുന്നതായും വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ മയക്കുവെടി വെച്ചപ്പോൾ വീഴാതെ താങ്ങി നിർത്തിയിരുന്ന കൊമ്പനാണ് ഏഴാറ്റുമുഖം ഗണപതി. ഇരുവരുടെയും സൗഹൃദദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.