നമ്മൾ തുടങ്ങിയിട്ടുള്ളു; ഏപ്രില്‍ രണ്ട് മുതല്‍ പകരത്തിന് പകരം തീരുവ തുടങ്ങുമെന്ന് ട്രംപ്
Wednesday, March 5, 2025 11:59 AM IST
വാഷിംഗ്ടൺ ഡിസി: നമ്മൾ തുടങ്ങിയിട്ടേയുള്ളൂവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.
നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരവുമായ യുഗത്തിന് തുടക്കം കുറിക്കാനുള്ള വേഗതയേറിയതും അക്ഷീണവുമായ നടപടി മാത്രമായിരുന്നു തന്റെ ആദ്യ 43 ദിവസത്തെ ഭരണമെന്നും ട്രംപ് പറഞ്ഞു.
സര്‍ക്കാര്‍ തലത്തിലുള്ള എല്ലാ സെന്‍സര്‍ഷിപ്പുകളും അവസാനിപ്പിച്ചുവെന്നും ആശയാവിഷ്കാര സ്വാതന്ത്ര്യം തിരിച്ചുകൊണ്ടുവന്നുവെന്നും ട്രംപ് പറഞ്ഞു. മനുഷ്യര്‍ പുരുഷന്, സ്ത്രീ എന്നിങ്ങനെ രണ്ട് തരം മാത്രമേയുള്ളൂവെന്നും ട്രാന്‍സ്ജെന്‍ഡര്‍ എന്ന വിഭാഗമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. '
സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പുരുഷന്മാര് കളിക്കുന്നത് വിലക്കുമെന്ന തന്റെ ഉത്തരവിനെ കുറിച്ചും ട്രംപ് സംസാരിച്ചു. മുട്ടവില നിയന്ത്രണാതീതമാണെന്നും ആളുകള്‍ക്ക് താങ്ങാനാവുന്ന വിലയിലേക്ക് കൊണ്ടുവരുമെന്നും ട്രംപ് ഉറപ്പുനല്‍കി.
അമേരിക്കയിലെ കര്‍ഷകര്‍ക്കായി പുതിയ വ്യാപാരനയം കൊണ്ടുവരും. ഗുണനിലവാരമില്ലാത്ത പല ഉത്പന്നങ്ങളും മറ്റ് രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്ക് എത്തുന്നുണ്ട്. ഇത് കര്‍ഷകരെ ദ്രോഹിക്കുന്നതിന് തുല്ല്യമാണ്. ഏപ്രില്‍ രണ്ടിന് പ്രാബല്യത്തില്‍ വരുന്ന പുതിയ താരിഫുകള്‍ കാര്‍ഷിക ഉത്പന്നങ്ങളെ കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന് ട്രംപ് വ്യക്തമാക്കി.
മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് നല്കിയ ഇളവുകള്‍ നിര്‍ത്തുകയാണ്. ആയിരക്കണക്കിന് അമേരിക്കക്കാരുടെ ജീവനെടുത്ത ഫെന്റനൈല്‍ ലഹരിമരുന്ന് ഈ രാജ്യങ്ങളില്‍നിന്നാണ് അമേരിക്കയിലെത്തിയതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ചില രാജ്യങ്ങള്‍ ചുമത്തുന്ന തീരുവ വളരെ കൂടുതലാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍, ഇന്ത്യ, ചൈന, ബ്രസീല്‍ എന്നിവരെല്ലാം കൂടുതല്‍ തീരുവയാണ് ചുമത്തുന്നത്. ഇന്ത്യ 100 ശതമാനം ആണ് തീരുവ ചുമത്തുന്നത്. ഇത് അനീതിയാണ്. അംഗീകരിക്കാനാവില്ല.
ഇനി യുഎസും തീരുവ ചുമത്തും. ഏപ്രില്‍ രണ്ട് മുതല്‍ പകരത്തിന് പകരം തീരുവ തുടങ്ങും. ഏപ്രില്‍ ഒന്നിന് തുടങ്ങണമെന്നായിരുന്നു ആഗ്രഹമെന്നും അന്ന് വിഡ്ഢി ദിനമായതിനാല്‍ മാറ്റിവെയ്ക്കുകയായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.