നെന്മാറ ഇരട്ടക്കൊലക്കേസ്; മൊഴി നല്കാന് ഭയന്ന് ഏക സാക്ഷി നാടുവിട്ടു
Wednesday, March 5, 2025 11:27 AM IST
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ മൊഴി നല്കാന് ഭയന്ന് ദൃക്സാക്ഷി. കൊലപാതകത്തിന്റെ ഏക സാക്ഷി നാടുവിടുകയായിരുന്നു.
പോലീസ് ഇയാളെ പിന്നീട് കണ്ടെത്തിയെങ്കിലും പ്രതി ചെന്താമര അപായപ്പെടുത്തുമോ എന്ന് ഭയമുണ്ടെന്നും മൊഴി നല്കാന് കഴിയില്ലെന്നും ഇയാള്‍ അറിയിച്ചു. പോലീസ് ഇയാളെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ ജനുവരി 27നാണ് ചെന്താമര പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും ക്രൂരമായി കൊലപ്പെടുത്തിയത്. കേസില്‍ ഒരു ദൃക്സാക്ഷി പോലും ഇല്ലെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ രണ്ട് ദിവസം മുമ്പ് സംഭവത്തിന് ദൃക്സാക്ഷി ഉണ്ടെന്ന് പോലീസ് കണ്ടെത്തി. ആട് മേയിച്ചുകൊണ്ടിരുന്നപ്പോള്‍ ലക്ഷ്മിയുടെ ശബ്ദം കേട്ടാണ് ഇയാള്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്.
ചെന്താമര ലക്ഷ്മിയെ വെട്ടുന്നത് ഇയാള്‍ നേരിട്ട് കണ്ടു. ഇവിടെനിന്ന് ഓടിയ ഇയാള്‍ രണ്ട് ദിവസം പനിച്ചുകിടന്നു. അതിന് ശേഷം നെല്ലിയാമ്പതിയിലേക്ക് പോവുകയായിരുന്നു. സംഭവത്തിന് ശേഷം പ്രദേശത്തുനിന്ന് കാണാതായവരുടെ പട്ടിക തയാറാക്കിയതിനെ തുടര്‍ന്നാണ് ഇയാളെ പോലീസ് കണ്ടെത്തിയത്.