എഡിഎമ്മിന്റേത് ആത്മഹത്യ തന്നെ; കാരണം പി.പി.ദിവ്യയുടെ പരാമര്‍ശങ്ങളെന്ന് കുറ്റപത്രം
Wednesday, March 5, 2025 10:55 AM IST
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് കുറ്റപത്രം. ആത്മഹത്യയിലേക്ക് നയിച്ചത് സിപിഎം നേതാവ് പി.പി.ദിവ്യയുടെ പരാമര്‍ശമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഈ മാസം അവസാനത്തോടെയാണ് കണ്ണൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. കൊലപാതക സാധ്യതകള്‍ കുറ്റപത്രത്തില്‍ പൂര്‍ണമായും തള്ളുന്നുണ്ട്.
നവീന്‍ ബാബുവിനെ യാത്രയയപ്പ് യോഗത്തില്‍ അപമാനിക്കാന്‍ ആസൂത്രിത ശ്രമം നടന്നു. യാത്രയയപ്പ് യോഗത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതും നവീന്‍ വിഷമമുണ്ടാക്കി. യോഗത്തിലേക്ക് പ്രാദേശിക ചാനലിനെ വിളിച്ച് വരുത്തുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കേസന്വേഷണത്തിൽ പിഴവുകളില്ലെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. ഈ സാഹചര്യത്തിലാണ് ഉടൻ കുറ്റപത്രം നൽകാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ഡിഐജി ജി.എച്ച്.യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തീകരിച്ചത്.
സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്, എസിപി ടി.കെ.രത്നകുമാർ.ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. കൊലപാതകമെന്ന കുടുംബത്തിന്റെ പരാതി പരിഗണിച്ചും അന്വേഷണം നടന്നിരുന്നു.