വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
Wednesday, March 5, 2025 6:21 AM IST
ബംഗുളൂരു: വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം.
ഐശ്വര്യ മഹേഷ് ലോഹർ (20)എന്ന പെൺകുട്ടിയെ കൊലപ്പെടുത്തി ബെലഗാവി താലൂക്കിലെ യെല്ലൂർ ഗ്രാമത്തിൽ നിന്നുള്ള പ്രശാന്ത് കുന്ദേക്കർ(29) ആണ് ജീവനൊടുക്കിയത്.
ഐശ്വര്യയുടെ സ്വദേശമായ നാഥ് പൈ സർക്കിളിന് സമീപത്തുവച്ചാണ് സംഭവം നടന്നത്. വിവാഹാഭ്യർഥനയുമായി കഴിഞ്ഞ ഒരു വർഷമായി പ്രശാന്ത്, ഐശ്വര്യയെ ശല്യം ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പെയിന്ററായി ജോലി ചെയ്തിരുന്ന പ്രശാന്ത്, ഐശ്വര്യയുടെ അമ്മയെ സമീപിച്ച് തന്റെ ആഗ്രഹം അറിയിച്ചിരുന്നു. എന്നാൽ സാമ്പത്തികമായി സ്ഥിരത കൈവരിക്കുന്നതിൽ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരുടെ അമ്മ പ്രശാന്തിനെ ഉപദേശിച്ചു.
ചൊവ്വാഴ്ച പ്രശാന്ത്, ഐശ്വര്യയുടെ അമ്മായിയുടെ വീട്ടിൽ ഒരു കുപ്പി വിഷവുമായി എത്തി. തുടർന്ന് ഐശ്വര്യയെ തന്റെ ആഗ്രഹം വീണ്ടും അറിയിച്ചു. എന്നാൽ ഐശ്വര്യ എതിർപ്പ് അറിയിച്ചപ്പോൾ കൈവശമിരുന്ന വിഷം ഐശ്വര്യയുടെ വായിലേക്ക് ഒഴിച്ചു. എന്നാൽ ഐശ്വര്യ എതിർത്തപ്പോൾ കൈവശമിരുന്ന കത്തി ഉപയോഗിച്ച് ഐശ്വര്യയെ കുത്തുകയായിരുന്നു.
ഐശ്വര്യ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. തുടർന്ന് പ്രശാന്ത് അതേ കത്തി ഉപയോഗിച്ച് തന്നെ സ്വന്തം കഴുത്ത് മുറിക്കുകയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയും ചെയ്തു.