"വെൽഡൺ'; ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ
Tuesday, March 4, 2025 9:36 PM IST
ദുബായി: ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഓസ്ട്രേലിയായെ തകർത്ത് ഇന്ത്യ ഫൈനലിൽ. ഓസീസ് ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം ഇന്ത്യ 11 പന്തും നാലു വിക്കറ്റും കൈയിലിരിക്കെ ലക്ഷ്യം കണ്ടു. സ്കോർ: ഓസ്ട്രേലിയ 264 (49.3) ഇന്ത്യ: 267/6 (48.1).
83 റണ്‍സുമായി വിരാട് കോഹ്ലി ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ ശ്രേയസ് അയ്യർ (45), കെ.എല്‍.രാഹുൽ (42) എന്നിവർ ജയത്തില്‍ നിര്‍ണായക സംഭാവന നല്കി. ഇതോടെ ആവേശകരമായ മത്സരത്തിൽ നാലു വിക്കറ്റ് ജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു.

നാളെ നടക്കുന്ന ന്യൂസിലന്‍ഡ് - ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയികളെ ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ ഇന്ത്യ നേരിടും. 265 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് അഞ്ചാം ഓവറില്‍ തന്നെ ശുഭ്മാന്‍ ഗില്ലിനെ (8) നഷ്ടമായി.

രോഹിത്തിനെ എട്ടാം ഓവറില്‍ കൂപ്പര്‍ കൊന്നോലി വിക്കറ്റിനു മുന്നില്‍ കുടുക്കി. 29 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 28 റണ്‍സെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ചാണ് രോഹിത് മടങ്ങിയത്. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോഹ്ലി - ശ്രേയസ് അയ്യര്‍ സഖ്യം നിലയുറപ്പിച്ച് മുന്നേറിയതോടെ കളി ഇന്ത്യയുടെ കൈയിലായി.
ഇരുവരും ചേര്‍ന്നെടുത്ത 91 റണ്‍സ് കൂട്ടുകെട്ട് വിജയത്തില്‍ നിര്‍ണായകമായി. തുടർന്നു വന്നവർ നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ ജയം അനായാസമായി. 2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുള്ള ഇന്ത്യയുടെ മധുരപ്രതികാരം കൂടിയായി ഈ വിജയം. ഓസീസിനായി നഥാന്‍ എല്ലിന് രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിനായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (73) വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി (61) എന്നിവർ തകർപ്പൻ പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കോഹ്ലിയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.