കേരള ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് കെസിഎ
Tuesday, March 4, 2025 8:59 PM IST
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റണ്ണറപ്പായ കേരള ടീമിന് നാലര കോടി രൂപ പാരിതോഷികം നൽകുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജും സെക്രട്ടറി വിനോദ് എസ്. കുമാറും പറഞ്ഞു. ടീമിനെ ആദരിക്കുന്നതിനായി തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
ചരിത്രത്തിലാദ്യമായിട്ടാണ് കേരളാ ടീം ഫൈനലിൽ എത്തിയത്. ടീമിന് ബിസിസിഐ നല്കുന്ന മൂന്ന് കോടി രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമെയാണ് കേരള ക്രിക്കറ്റ് അസോസിയേഷനും പാരിതോഷികം പ്രഖ്യാപിച്ചത്.
തുക എല്ലാ ടീം അംഗങ്ങൾക്കും ടീം മാനേജ്മെന്റിനുമായി നൽകുമെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു. ഞായറാഴ്ച സമാപിച്ച കേരളം - വിദർഭ ഫൈനൽ സമനിലയായെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ബലത്തിലാണ് വിദർഭ കിരീടം ചൂടിയത്.