പിണറായിക്ക് പ്രായപരിധിയിൽ ഇളവ്; നിലപാട് കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചെന്ന് ഇ.പി.
Tuesday, March 4, 2025 4:06 PM IST
കണ്ണൂർ: പിണറായി വിജയന്റെ പ്രായ പരിധിയിൽ ഇളവ് സംബന്ധിച്ച ചർച്ചകൾ അനാവശ്യമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ഒരാൾക്ക് വേണ്ടിയെടുത്ത തീരുമാനമെന്ന വ്യാഖ്യാനം തെറ്റാണെന്നും ജയരാജൻ പറഞ്ഞു.
ഇതിപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല. പാർട്ടി ഒന്നായി എടുത്ത തീരുമാനമാണ്. കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചാണ് നിലപാട് എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം സംസ്ഥാന കമ്മിറ്റിയിലും പിബിയിലും തുടരും എന്നാണ് വിവരം. പ്രായപരിധിയില്‍ പിണറായിക്ക് ഇളവ് നല്‍കും.
സമ്മേളന സമയത്ത് 75 വയസ് പൂര്‍ത്തിയാകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥ. അതിനാൽ ഇപിക്കും തൽക്കാലം കേന്ദ്ര കമ്മിറ്റിയിൽ തുടരാം. കേരളത്തിൽ മാത്രമാണ് സിപിഎമ്മിന് നിലവിൽ ഭരണമുള്ളത്. അതിനാൽ സംസ്ഥാനത്ത് ഭരണം നിലനിർത്തുകയെന്നത് ദേശീയ തലത്തിലും സിപിഎമ്മിന് പ്രധാനമാണ്.
അതിനാൽ കേരളത്തിൽ നിന്നുള്ള നേതാക്കൾക്ക് കൂടുതൽ പരിഗണന ലഭിച്ചേക്കും. എം.വി.ഗോവിന്ദന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തുടരുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം.