ബ്ലൂടൂത്ത് ഉപയോഗിച്ചും പണം കൈമാറാം; ഓഫ് ലൈൻ പേയ്മെന്റുകൾ അവതരിപ്പിക്കാൻ യുപിഐ
എസ്. ആർ. സുധീർ കുമാർ
Tuesday, March 4, 2025 3:53 PM IST
കൊല്ലം: പണരഹിത സാമ്പത്തിക ഇടപാടുകളിൽ പുതിയ പരിഷ്കാരത്തിന് യുപിഐ തയാറെടുപ്പുകൾ തുടങ്ങി. ഇതിൽ വിപുലമായ സവിശേഷതകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഡിജിറ്റൽ പേയ്മെൻ്റുകളുടെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് കണക്ടടിവിറ്റി. ഇൻ്റർനെറ്റ് കണക്ടിവിറ്റിയിൽ തടസങ്ങൾ നേരിടുമ്പോൾ ഞൊടിയിടയിലുള്ള ഡിജിറ്റൽ സാമ്പത്തിക കൈമാറ്റം അസാധ്യമാകുന്നു.
ഇതിന് പരിഹാരം കാണാൻ നിയർ ഫീൽഡ് കമ്യൂണിക്കേഷൻ ( എൻഎഫ്സി) അല്ലെങ്കിൽ ബ്ലൂടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓഫ് ലൈൻ പേയ്മെൻ്റുകൾ അവതരിപ്പിക്കാനാണ് യുപിഐ ഒരുക്കങ്ങൾ തുടങ്ങിയിട്ടുള്ളത്.
ഇൻ്റർനെറ്റ് കണക്ഷനുകൾ ഇല്ലാതെ ഇടപാടുകൾ നടത്താൻ സാധിക്കും എന്നതാണ് ഈ സംവിധാനത്തിൻ്റെ ഏറ്റവും വലിയ സവിശേഷത. ഇത് ഗ്രാമപ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും അടക്കമുള്ളവർക്ക് ഡിജിറ്റൽ പേയ്മെൻ്റുകൾ അതിവേഗം ആക്സസ് ചെയ്യാൻ സഹായിക്കും എന്നാണ് യുപിഐയുടെ വിലയിരുത്തൽ.
ഇതുകൂടാതെ ഡിജിറ്റൽ ഇടപാടുകൾ ആഗോള തലത്തിൽ വ്യാപിപ്പിക്കാനും യുപിഐ നടപടികൾക്ക് തുടക്കമിട്ടു കഴിഞ്ഞു. ഇപ്പോൾ യുഎഇ, സിംഗപ്പൂർ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെൻ്റുകൾ സംയോജിപ്പിച്ചിട്ടുണ്ട്. ഇത് അന്താരാഷ്ട്ര തലത്തിൽ വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിൽ വ്യാപാരി പേയ്മെൻ്റുകളും ഉൾപ്പെടുത്തും.
ഇത് വിദേശത്തുള്ള ഇന്ത്യക്കാർക്ക് കറൻസി പരിവർത്തന തടസങ്ങൾ ഇല്ലാതെ യുപിഐ വഴി നേരിട്ട് പണമിടപാട് നടത്താൻ പ്രാപ്തമാക്കും. ഇത് ഇന്ത്യയുടെ ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ ശക്തമാക്കുക മാത്രമല്ല വിപ്ലവാത്മക മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നുമാണ് യുപിഐയുടെ കണക്കുകൂട്ടൽ.
ഇത് കൂടാതെ ക്രെഡിറ്റ് കാർഡുകളും പ്രീ അപ്രൂവ്ഡ് ക്രെഡിറ്റ് ലൈനുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനും യുപിഐ ലക്ഷ്യം വയ്ക്കുന്നു. ഇതിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇത് സാധ്യമായാൽ ഉപയോക്താക്കൾക്ക് ഹ്രസ്വകാല വായ്പകൾക്ക് അടക്കം യു പിഐ ഉപയോഗിക്കാൻ സാധിച്ചേക്കും. നിലവിൽ ഇത്തരം ഇടപാടുകൾക് പരമ്പരാഗത ബാങ്കിംഗ് ചാനലുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും കഴിയും.
വർധിച്ച് വരുന്ന സൈബർ തട്ടിപ്പുകൾ പ്രതിരോധിക്കാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്ഠിത സെക്യൂരിറ്റി അപ്ഗ്രേഡുകളും യുപിഐ ഉൾപ്പെടുത്തും. നിലവിൽ വ്യക്തികൾക്കുള്ള യുപിഐ ഇടപാട് പ്രതിദിന പരിധി ഒരു ലക്ഷം രൂപയാണ്.
റിയൽ എസ്റ്റേറ്റ്, സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപം, ഉയർന്ന മൂല്യമുള്ള ബിസിനസ് പേയ്മെൻ്റുകൾ എന്നിവ നടത്തുന്നവർക്കായി ഇടപാട് പരിധി വർധിപ്പിക്കുന്നതും യുപിഐയുടെ പരിഗണനയിലാണ്.