വ്യാപാര യുദ്ധത്തിൽ കരുത്ത് കാട്ടാൻ ചൈന; യുഎസ് ഇറക്കുമതികൾക്ക് അധിക നികുതി ചുമത്തി
Tuesday, March 4, 2025 3:02 PM IST
ബെയ്ജിംഗ്: അമേരിക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 10 മുതൽ15 ശതമാനം വരേ അധിക തീരുവ ചുമത്തുമെന്ന് ചൈന. മാർച്ച് 10 മുതൽ ഇത് നിലവിൽ വരും എന്നും ചൈനീസ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
യുഎസിൽനിന്നുള്ള കോഴി, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുടെ ഇറക്കുമതിക്ക് 15 ശതമാനം അധിക താരിഫ് നേരിടേണ്ടിവരുമെന്ന് ചൈനീസ് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. സോയാബീൻ, പന്നിയിറച്ചി, ബീഫ്, കടൽ വിഭവങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ താരിഫ് 10 ശതമാനം വർധിപ്പിക്കും.
ഇന്ന് മുതൽ ചൈനയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് നിലവിലുള്ള തീരുവകൾക്ക് പുറമേ 10 ശതമാനം അധിക തീരുവ അമേരിക്ക ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈനയുടെ പ്രതികരണം. ചൈനക്കു പുറമേ കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്കും ഇന്നുമുതൽ അമേരിക്ക അധിക നികുതി ഏർപ്പെടുത്തിയിട്ടുണ്ട്.