റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് രൂപീകരിക്കും
Tuesday, March 4, 2025 2:33 PM IST
കൊച്ചി: റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ) സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് നടപടി.
ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്ഥാന, ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റികളും പരാതി പരിഹാര സെല്ലുകളും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് കെല്‍സ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗ് കേസുകള്‍ വര്‍ധിക്കുകയാണ്. ശക്തമായ നിരീക്ഷണ സംവിധാനത്തിലൂടെ നിലവിലുള്ള റാഗിംഗ് വിരുദ്ധ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നു. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
റാഗിംഗ് കേസുകളില്‍ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നും ഹർജിയിൽ ആക്ഷേപമുയർത്തിയിരുന്നു. ഇക്കാര്യത്തിൽ സര്‍ക്കാരിനോട് മറുപടി നല്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.