തിരുവനന്തപുരത്ത് തീരമേഖലയിൽ വ്യാപക റെയ്ഡ്; ലഹരിമരുന്നുമായി ഒരാൾ അറസ്റ്റിൽ
Tuesday, March 4, 2025 12:48 PM IST
തിരുവനന്തപുരം: തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായി ലഹരിമരുന്ന് വിൽപ്പനയെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിലും ബോട്ട് ലാൻഡിംഗ് ഏരിയകളിലും പോലീസ് വ്യാപക റെയ്ഡ് നടത്തി. തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവി കെ.എസ്. സുദർശനന്റെ നിർദേശാനുസരണമാണ് റെയ്ഡ് നടത്തിയത്.
കഠിനംകുളം, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, വർക്കല, കാപ്പിൽ എന്നീ തീരപ്രദേശങ്ങളിലും റോഡുകളിലുമായാണ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി പത്തിന് ആരംഭിച്ച പരിശോധന ഇന്ന് വെളുപ്പിന് ആറുവരെ നീണ്ടു.
പരിശോധനയിൽ പെരുമാതുറ സ്വദേശിയായ അസറുദ്ധീൻ (26) എന്നയാളിൽ നിന്നു ലഹരി മരുന്ന് പിടികൂടി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മുൻപും സമാനമായ കേസുകളിൽ പ്രതിയാണ്. പ്രദേശത്തു ലഹരി വിൽക്കുന്നവരിൽ പ്രധാനകണ്ണികളിൽ ഒരാൾ ആണ് പിടിയിലായ അസറുദ്ധീൻ എന്ന് പോലീസ് പറഞ്ഞു.
വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുന്നതാണ്. സെന്റ് ആൻഡ്രൂസ് മുതൽ കാപ്പിൽ വരെയുള്ള തീരപ്രദേശത്തെ പുതുക്കുറിച്ചി, മരിയനാട്, അഞ്ചുതെങ്ങ്, മാമ്പള്ളി,അരിവാളം, റാത്തിക്കൽ,വെറ്റകട തുടങ്ങിയ ഫിഷ് ലാൻഡിംഗ് സെന്ററുകളും പെരുമാതുറ, താഴംപ്പള്ളി ഹാർബറുകളും പരിശോധിച്ചു.
റൂറൽ നർകോട്ടിക്ക് സെൽ ഡിവൈഎസ്പി പ്രദീപ് കുമാർ, വർക്കല ഡിവൈഎസ്പി ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് കോസ്റ്റൽ , അഞ്ചുതെങ്ങ്, കഠിനംകുളം, വർക്കല , അയിരൂർ സ്റ്റേഷനുകളിലെ എസ് എച്ച് ഒ മാർ,എസ്ഐ മാർ, ആറ്റിങ്ങൽ, വർക്കല സബ്ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥർ ഡാൻസാഫ് ഉദ്യോഗസ്ഥർ,ഡോഗ് സ്ക്വാഡ്,മറൈൻ എൻഫോസ്മെന്റ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്.
ലഹരി സംഘങ്ങളെ അമർച്ച ചെയ്യാനായി വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകളും നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പോലീസ് മേധാവി കെ.എ,്.സുദർശനൻ രാഷ്ട്രദീപികയോട് പറഞ്ഞു.