വാക്ഔട്ട് പ്രസംഗത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് സ്പീക്കർ; ബാനർ ഉയർത്തി പ്രതിഷേധിച്ച് പ്രതിപക്ഷം
Tuesday, March 4, 2025 12:21 PM IST
തിരുവനന്തപുരം: ആശാപ്രവർത്തകരുടെ സമരം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിൽ സ്പീക്കർ അനുമതി നിഷേധിച്ചു. വാക്കൗട്ട് പ്രസംഗം നീണ്ടുപോയതിനെ ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സ്പീക്കര്‍ എ.എന്‍ ഷംസീറും തമ്മിൽ തർക്കമുണ്ടായി.
സമയം കഴിഞ്ഞാൽ മൈക്ക് കട്ട് ചെയ്യുമെന്ന് സ്പീക്കർ അറിയിച്ചു. പറയാനുള്ളത് പറയുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്നും ശ്രദ്ധ ക്ഷണിക്കലിലേക്ക് കടക്കുകയാണെന്നും സ്പീക്കർ നിലപാടെടുത്തു. സഭാനടപടികൾ തുടർന്നതോടെ സ്പീക്കറുടെ ഡയസിന് മുന്നിൽ ബാനർ ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു.
കേരളത്തിലാണ് ആശമാര്‍ക്ക് ഏറ്റവും ഉയര്‍ന്ന വേതനമെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാദം കള്ളമാണെന്ന് പ്രമേയം അവതരിപ്പിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സിക്കിമിൽ ആശമാർക്ക് 1000 രൂപയാണ് വേതനമെന്നും പശ്ചിമ ബംഗാളിൽ ആശ വർക്കേഴ്സിന് വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപയാണെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ രാഹുൽ പറഞ്ഞു.
ആഴ്ചയിൽ ഏഴു ദിവസവും ജോലി ചെയ്യുന്നവർക്ക് കേരളത്തിൽ നൽകുന്നത് വെറും 7000 രൂപയാണ്. എന്തു പറഞ്ഞാലും കേരളത്തേക്കാൾ പിന്നിലുള്ള സംസ്ഥാനത്തെവച്ച് താരതമ്യം ചെയ്യുമെന്നും രാഹുൽ കുറ്റപ്പെടുത്തി.
പ്രമേയ അവതാരകന് വിഷയത്തേക്കുറിച്ച് ധാരണയില്ലെന്നും ആശമാരെക്കുറിച്ചും അവരുടെ പ്രവർത്തനത്തെക്കുറിച്ചും അറിയാത്ത യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എസ്യുസിഐയുടെ നാവായി മാറിയെന്നും ആരോഗ്യമന്ത്രി വീണ ജോർജ് തിരിച്ചടിച്ചു.
ആശമാരുടെ വേതനം 1000 രൂപയിൽ നിന്ന് 7000 രൂപയാക്കി മാറ്റിയത് എൽഡിഎഫ് സർക്കാർ ആണ്. സിക്കിമിൽ ഓണറേറിയം 10000 രൂപ ഇല്ല, 6000 രൂപയെ ഉള്ളൂ. ഏറ്റവും ഉയർന്ന വേതനം കേരളത്തിൽ തന്നെ. രാഹുൽ മാങ്കൂട്ടത്തിൽ സഭയെ തെറ്റിദ്ധരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.
അതേസമയം ആശമാരുടെ ഓണറേറിയം സംബന്ധിച്ച് ആരോഗ്യമന്ത്രി പറഞ്ഞത് തെറ്റായ കണക്കാണെന്ന് സതീശന് വിമര്‍ശിച്ചു.