അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കറുടെ അവതരാണാനുമതി; എതിര്‍പ്പറിയിച്ച് മന്ത്രി രാജേഷ്; ബഹുമാനക്കുറവെന്ന് സതീശന്
Tuesday, March 4, 2025 11:09 AM IST
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരം അടിയന്തരപ്രമേയമായി സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. രാഹുല്‍ മാങ്കൂട്ടത്തിലാണ് നോട്ടീസ് നല്‍കിയത്.
വിഷയം നേരത്തേ ഉന്നയിച്ചതാണെങ്കിലും അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കാമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നിലപാടെടുത്തു. അതേസമയം മന്ത്രി എം.ബി.രാജേഷ് ഇതിന് എതിര്പ്പറിയിറച്ചുകൊണ്ട് രംഗത്തുവന്നു.
വിഷയം രണ്ട് തവണ സഭയില്‍ വന്നതാണ്. എന്നാല്‍ നോട്ടീസ് നല്കിയ സ്ഥിതിക്ക് ചുരുങ്ങിയ വാക്കില്‍ പറയാമെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ രണ്ട് തവണ സഭയില്‍ വന്ന വിഷയം വീണ്ടും പരിഗണിക്കുന്നത് ക്രമപ്രകാരമല്ലെന്ന് എം.ബി.രാജേഷ് പറഞ്ഞു.
അതേസമയം സ്പീക്കര്‍ അനുമതി നല്കിയ ശേഷം മന്ത്രി എതിര്‍പ്പുയര്‍ത്തുന്നത് അനുചിതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ചൂണ്ടിക്കാട്ടി. ഇത് ബഹുമാനക്കുറവാണെന്നും സതീശന് വിമര്‍ശിച്ചു. എന്നാല്‍ സ്പീക്കറെ ചോദ്യം ചെയ്യുകയല്ല, ചട്ടം ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു മന്ത്രിയുടെ മറുപടി.