ഷഹബാസിന്റെ മരണം; പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കൂടി കസ്റ്റഡിയിൽ
Tuesday, March 4, 2025 8:42 AM IST
കോഴിക്കോട്: വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പത്താം ക്ലാസുകാരൻ മുഹമ്മദ് ഷഹബാസ് മരിച്ച സംഭവത്തിൽ ഒരാള്‍ക്കൂടി കസ്റ്റഡിയിൽ. പത്താം ക്ലാസുകാരനായ വിദ്യാര്‍ഥിയാണ് കസ്റ്റഡിയിലുള്ളത്.
കേസിൽ നേരത്തേ പിടിയിലായ അഞ്ചുപേര്‍ വെളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ കഴിയുകയാണ്. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടർന്ന് അന്വേഷണം മറ്റുള്ളവരിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.
ഗൂഢാലോചനയിലും മർദനത്തിലും പങ്കുണ്ടെങ്കിൽ ഇവരെയും പ്രതി ചേർക്കും. സംഘട്ടനമുണ്ടായതിനു സമീപത്തെ കൂടുതൽ സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന വിദ്യാർഥികളുടെ മൊഴിയും രേഖപ്പെടുത്തിതുടങ്ങി.
സംഭവത്തിൽ മുതിർന്നവരുടെ ഗൂഢാലോചനയും പ്രേരണയും അടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. പ്രതികളിൽ ഒരാളുടെ പിതാവിന്റെ ക്രിമിനൽ പശ്ചാത്തലം പുറത്തുവന്ന സാഹചര്യത്തിൽ ഇയാളുടെ പങ്കാണ് പ്രധാനമായും അന്വേഷിക്കുന്നത്.