ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാന വ്യാപക പരിശോധനയിൽ പിടിയിലായത് 2854 പേർ
Monday, March 3, 2025 9:38 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി അറസ്റ്റിലായത് 2854 പേർ. 1.312 കിലോ എംഡിഎംഎയും മറ്റ് മയക്കുമരുന്നുകളുമാണ് പിടിച്ചെടുത്തത്.
മയക്കുമരുന്ന് കൈവശംവച്ചതിന് 2762 കേസുകൾ രജിസ്റ്റർചെയ്തു. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെട്ടിരുന്നതായി സംശയിക്കുന്ന 17246 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്ന് വരേ ആയിരുന്നു ഡി ഹണ്ട്.
സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ നിർദേശ പ്രകാരമാണ് സംസ്ഥാനത്ത് ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിൽ സ്പെഷൽ ഡ്രൈവ് നടത്തിയത്. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനായാണ് ദൗത്യം നടപ്പിലാക്കിയത്.
എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേര്‍ന്നാണ് ദൗത്യം നടപ്പിലാക്കിയത്.