സിപിഎം സംസ്ഥാന സമ്മേളനത്തിനൊരുങ്ങി കൊല്ലം; 600 പ്രതിനിധികൾ, എം.വി. ഗോവിന്ദൻ തുടരും
സ്വന്തം ലേഖകൻ
Monday, March 3, 2025 8:49 PM IST
കൊല്ലം: മധുരയിൽ നടക്കുന്ന 24 -ാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഎം സംസ്ഥാന സമ്മേളനം ആറു മുതൽ ഒമ്പത് വരെ കൊല്ലത്ത്. സമ്മേളന നടത്തിപ്പിന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. സ്വാഗത സംഘത്തിന്റെ പ്രവർത്തനങ്ങൾ അടക്കം വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് കൊല്ലത്ത് എത്തി.
സിപിഎം രൂപീകൃതമായ ശേഷം ഇത് മൂന്നാം തവണയാണ് സംസ്ഥാന സമ്മേളനത്തിന് ദേശിംഗനാട് വേദിയാകുന്നത്. 1971 ലും 1995ലുമാണ് നേരത്തേ സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആതിഥ്യം വഹിച്ചത്. കഴിഞ്ഞ സംസ്ഥാന സമ്മേളനം 2022 മാർച്ച് ഒന്നുമുതൽ നാലു വരെ കൊച്ചിയിലാണ് നടന്നത്. സംസ്ഥാനത്ത് സിപിഎമ്മിന് 38,426 ബ്രാഞ്ച് കമ്മിറ്റികളും 2,444 ലോക്കൽ കമ്മിറ്റികളും 208 ഏരിയാ കമ്മിറ്റികളുമുണ്ട്. ഇത്തവണത്തെ സംസ്ഥാന സമ്മേളനത്തിൽ 600 പ്രതിനിധികൾ പങ്കെടുക്കും. ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിലാണ് പ്രതിനിധി സമ്മേളനം.
ഒമ്പതിന് വൈകുന്നേരം അഞ്ചിന് നഗരത്തിൽ 25,000 റെഡ് വോളണ്ടിയർമാരുടെ പരേഡും രണ്ടു ലക്ഷം പേർ പങ്കെടുക്കുന്ന ബഹുജന റാലിയും നടക്കും. പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ കോർഡിനേറ്ററും മുൻ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. പോളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ. ബേബി, ബി.വി. രാഘവലു, വൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധൗളെ, എ. വിജയരാഘവൻ, കേന്ദ്ര സെക്രട്ടേറിയറ്റംഗം വിജു കൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം എ.ആർ. സിന്ധു തുടങ്ങിയവർ പങ്കെടുക്കും. ഭാവി കേരളത്തിന്റെ രൂപരേഖ തയാറാക്കുന്ന വിഷയങ്ങളും വിവാദമായ കടൽ മണൽ ഖനനം അടക്കമുള്ള വിഷയങ്ങളും സമ്മേളനം ചർച്ച ചെയ്യും.
സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ തുടരുമെന്നത് തർക്കമറ്റ കാര്യമാണ്. അദ്ദേഹത്തിന്റെ രണ്ടാമൂഴത്തിൽ പുനരാലോചന നടത്തേണ്ട കാര്യങ്ങൾ ഒന്നും പാർട്ടിയിൽ നിലവിലില്ല എന്നത് തന്നെയാണ് എടുത്തു പറയേണ്ട കാര്യം. 2022 സെപ്റ്റംബർ രണ്ടിനായിരുന്നു സംസ്ഥാനത്ത് പാർട്ടിയെ നയിക്കാനുള്ള അവസരം അദ്ദേഹത്തിൽ വന്നു ചേർന്നത്. അന്ന് ഗോവിന്ദൻ രണ്ടാം പിണറായി മന്ത്രിസഭയിൽ എക്സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹം പൊളിറ്റ് ബ്യൂറോയിലേക്കും ഉയർത്തപ്പെട്ടു.
സിപിഎമ്മിന്റെ സംഘടനാ രീതി അനുസരിച്ച് ഒരാൾക്ക് മൂന്നു തവണ സെക്രട്ടറിയായി തുടരാം. അതുകൊണ്ട് തന്നെ കൊല്ലം സമ്മേളനത്തിൽ മറ്റൊരാൾ നേതൃത്വത്തിലേക്ക് അവരോധിക്കപ്പെടാനുള്ള സാധ്യത വളരെ വിദൂരമാണ്. കഴിഞ്ഞ തവണ കോടിയേരിക്ക് പകരക്കാരനായി എത്തിയെങ്കിൽ ഇക്കുറി കൊല്ലം സമ്മേളനം അദ്ദേഹത്തെ ഏകകണ്ഠമായി തന്നെ സെക്രട്ടറിയായി തെരഞ്ഞെടുക്കും.
സർക്കാരിനെയും വിലയിരുത്തും
രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചും സമ്മേളനം വിലയിരുത്തും. ഇക്കാര്യത്തിൽ പ്രതിനിധികളുടെ പ്രതികരണം എന്തായിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സിൽവർ ലൈൻ പദ്ധതി ഉൾപ്പെടെയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് എതിരെ വ്യാപക വിമർശനം ഉയർന്നു വന്നിരുന്നു. എന്നാൽ ഇത്തവണ സമ്മേളനത്തിൽ വിമർശന വിഷയങ്ങൾ നിരവധിയാണ്.
ആശാ വർക്കർമാർ തലസ്ഥാനത്ത് നടത്തുന്ന അനിശ്ചിതകാല സമരങ്ങളാണ് ഏറ്റവും ഒടുവിൽ കത്തി നിൽക്കുന്ന വിഷയം. ഇതിനെല്ലാം അപ്പുറം ഭരണ തുടർച്ച ഉറപ്പാക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതും സമ്മേളത്തിന്റെ മുഖ്യ അജണ്ടയാകും. മൂന്നാം ടേമിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനെ തന്നെ ഉയർത്തിക്കാട്ടിയുള്ള നയപരിപാടികൾ തന്നെയായിരിക്കും സമ്മേളനത്തിൽ ഉരുത്തിരിയുക.