ലഹരിക്കേസുകളില്‍ സാക്ഷികളുടെ കൂറുമാറ്റം; പോലീസ് പ്രതിസന്ധിയില്‍
Monday, March 3, 2025 8:48 PM IST
കൊച്ചി: സംസ്ഥാനത്ത് ലഹരിക്കേസുകളില്‍ സാക്ഷികളുടെ കൂറുമാറ്റം പോലീസിനെ പ്രതിസന്ധിയിലാഴ്ത്തുന്നു. എന്‍ഡിപിഎസ് കേസുകളില്‍ ഗണ്യമായ വര്‍ധനയാണ് നിലവിലുള്ളത്. ലഹരിക്കച്ചവടക്കാരുടെ വേരറുക്കുന്നതിനായി ഓപ്പറേഷന് ഡി ഹണ്ട് ഉള്‍പ്പെടെയുള്ള പരിശോധനകളുമായി പോലീസും ഊര്‍ജിതമാണ്.
ആഴ്ചകള്‍ നീണ്ട നിരീക്ഷണത്തിനുശേഷമാണ് പല ലഹരിക്കേസുകളിലും പ്രതികളെ പിടികൂടാന്‍ കഴിയുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ലഹരി കൈവശമുള്ള ആളിനെ കണ്ടെത്തിക്കഴിഞ്ഞാല്‍ തൊട്ടടുത്തുതന്നെയുള്ള പൊതുജനങ്ങളില്‍ നിന്ന് രണ്ടു പേരെ സാക്ഷികളാക്കി കൊണ്ടുപോയി ഗസറ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥന് സാന്നിധ്യത്തില്‍ ദേഹ പരിശോധന നടത്തിയാണ് ലഹരി വസ്തു കണ്ടെത്തുന്നത്. അതിനുശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് കടക്കുക.
ഇതിനുശേഷം കണ്ടെത്തിയ ലഹരിവസ്തുക്കള്‍ പാക്ക് ചെയ്ത് മഹസര്‍ തയാറാക്കുന്നു. ഇതിനു ആറു മണിക്കൂറോളം വേണ്ടിവരും. ആദ്യ മൂന്നു മണിക്കൂര്‍ ദേഹ പരിശോധന നടത്തി അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്കും അടുത്ത മൂന്നു മണിക്കൂര്‍ മഹസര്‍ തയാറാക്കുന്നതിനും വേണ്ടിവരും. മഹസര്‍ തയാറാക്കി ഒപ്പു വയ്ക്കേണ്ട സമയത്താകും സാക്ഷികളില്‍ പലരും കൂറുമാറുക. ലഹരി സംഘങ്ങളെ തങ്ങള്‍ക്ക് ഭയമാണെന്നു പറഞ്ഞാണ് പൊതുജനങ്ങളില്‍ പലരും ഒഴിയുന്നത്.
പൊതുപ്രവര്‍ത്തകരാണെങ്കില്‍ പ്രതിയുടെ കുടുംബത്തെ അറിയാമെന്നും സാക്ഷി പറഞ്ഞാല്‍ അടുത്ത തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് പതിവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ അതുവരെ ചെയ്ത കാര്യങ്ങളെല്ലാം പാഴാവുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നത്. പിന്നീട് പലരോടും മണിക്കൂറുകളോളം സംസാരിച്ച് ഭാവിയില്‍ പ്രശ്നമുണ്ടാകില്ലെന്നും ബോധ്യപ്പെടുത്തി കൊണ്ടുവരേണ്ടിവരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.