എഡിഎമ്മിന്റെ മരണം; കേസ് സിബിഐക്ക് കൈമാറാത്തതിന്റെ കാരണം ഉത്തരവിൽ വിശദീകരിച്ച് കോടതി
Monday, March 3, 2025 7:24 PM IST
കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സുതാര്യമായ അന്വേഷണം നടക്കില്ലെന്ന ആശങ്ക മാത്രം കണക്കിലെടുത്ത് കേസ് സിബിഐക്ക് കൈമാറാനാകില്ലെന്ന് കോടതി. സംസ്ഥാന പോലീസ് അന്വേഷണം വഴിതെറ്റിയെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാനായില്ല.
ഈ സാഹചര്യത്തിൽ കേസ് കൈമാറിയാൽ പൊതുസമൂഹത്തിൽ തെറ്റായ ധാരണ ഉണ്ടാക്കാൻ ഇടയാക്കും. നിയമ സംവിധാനത്തെപ്പറ്റിയും അന്വേഷണ ഏജൻസികളെപ്പറ്റിയും തെറ്റായ ധാരണ പരത്താൻ ഇത് കാരണമാകും.
പരാതിക്കാരിയുടെ ആശങ്കയ്ക്ക് കഴമ്പുണ്ടാകണം. സാങ്കൽപികമാകാൻ പാടില്ല. ഹർജിക്കാരിക്ക് എതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെപ്പറ്റി പരാതിയില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എഡിമ്മിന്റെ ഭാര്യ നൽകിയ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് കേസ് സിബിഐക്ക് കൈമാറണമെന്ന ഹർജി തള്ളിയത്. ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സിംഗിള്‍ ബെഞ്ച് നേരത്തേ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ഡിവിഷന് ബെഞ്ചിന് മുന്നില്‍ അപ്പീല്‍ എത്തിയത്. നവീന്റെ ഭാര്യ മഞ്ജുഷയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.