കക്ഷിരാഷ്ട്രീയം നോക്കാതെ ലഹരിക്കെതിരേ ഒന്നിക്കണം: എം.വി. ഗോവിന്ദൻ
Monday, March 3, 2025 6:55 PM IST
തിരുവനന്തപുരം: ലഹരിക്കെതിരേ കക്ഷിരാഷ്ട്രീയം നോക്കാതെ ഒന്നിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ലഹരിയുടെ വിപണനവും ഉപയോഗവും കേരളത്തിലും സജീവമാകുന്നുണ്ട്. കുട്ടികളിലെ അക്രമ വാസന വളർത്തുന്ന നിലയിൽ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നവ കേരളത്തിനായി പുതുവഴികൾ എന്ന രേഖ സിപിഎം സമ്മേളനത്തിൽ ചർച്ച ചെയ്യും. കഴിഞ്ഞ സമ്മേളനത്തിൽ ചർച്ച ചെയ്തതിന്റെ തുടർച്ചയാണിത്. കേരളത്തെ താരതമ്യങ്ങൾ ഇല്ലാത്ത പുതിയ സംസ്ഥാനമാക്കി മാറ്റും. ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ ജനകീയ മുന്നേറ്റമുണ്ടാക്കാനുള്ള ചർച്ചകൾ നടക്കും. നേട്ടങ്ങൾ വിലയിരുത്തിയും കോട്ടങ്ങൾ പരിഹരിച്ചും മുന്നോട്ട് പോകുമെന്നും ഗോവിന്ദൻ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ജോലി നിർവഹിക്കുന്ന മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് വിരുദ്ധത ഇങ്ങനെ പ്രചരിപ്പിച്ചിട്ട് എന്ത് നേടുമെന്ന് ഗൗരവത്തോടെ ആലോചിക്കണം. ന്യായമായ കാര്യങ്ങൾ ന്യായമായി പ്രചരിപ്പിക്കണം.
കേരളത്തിൽ വലതുപക്ഷവും വർഗീയ ശക്തികളും ഇടതുപക്ഷത്തിന് എതിരെ ഒന്നിച്ചു. കേരളത്തിലെ പ്രതിപക്ഷത്തിന്റെ ശക്തി കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളാണ്. കടൽ ഖനനത്തിന് പാർട്ടിയും കേരള സർക്കാരും എതിരാണ്. അതി ശക്തിയായി എതിർക്കും. സർക്കാർ പ്രമേയം പാസാക്കും എന്നും അദ്ദേഹം വ്യക്തമാക്കി.