സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണിക്ക് പിന്നാലെ സിഐക്ക് സ്ഥലംമാറ്റം
Monday, March 3, 2025 6:22 PM IST
കൽപ്പറ്റ: സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെ ഭീഷണി പ്രസംഗത്തിന് പിന്നാലെ പനമരം സിഐയെ സ്ഥലംമാറ്റി. പനമരം സിഐ എ. അഷ്റഫിനെ ഇടുക്കി ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്.
സിഐ അഷ്റഫിന് തിരിച്ചടി അനുഭവിക്കേണ്ടി വരുമെന്നും പോലീസ് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞ് സൂക്കേട് തീർക്കുമെന്നും കെ. റഫീഖ് ഭീഷണി പ്രസംഗത്തിൽ പറഞ്ഞിരുന്നു. സിപിഎം നേതാക്കൾക്കെതിരെ കള്ളക്കേസ് എടുക്കുന്നുവെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു ഭീഷണി.
എൽഡിഎഫ് ഭരിക്കുന്ന പനമരം പഞ്ചായത്തിൽ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച മെമ്പറെ ആക്രമിച്ചതിന് ഡിവൈഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഏരിയ കമ്മിറ്റി അംഗം ഷിജുവിനും അമ്മയ്ക്കും എതിരെ മെമ്പർ അധിക്ഷേപ പരാമർശം നടത്തിയെന്നതിൽ നടപടി എടുക്കുന്നില്ലെന്നും സിപിഎം ആരോപിച്ചിരുന്നു.