വയനാട് ദുരന്തബാധിതരുടെ പുനരധിവാസം; മൂന്നാം ഘട്ട പട്ടിക പ്രസിദ്ധീകരിച്ചു
Monday, March 3, 2025 6:00 PM IST
കൽപ്പറ്റ: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള മൂന്നാം ഘട്ട പട്ടിക പ്രസിദ്ധീകരിച്ചു. പുനരധിവാസത്തിനുള്ള 2-ബി ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്.
പുനരധിവാസത്തിനുള്ള അവസാന കരട് പട്ടികയാണ് ഇന്ന് പുറത്ത് വിട്ടത്. പട്ടികയിൽ ആക്ഷേപവും പരാതികളുമുണ്ടെങ്കിൽ 10 ദിവസത്തിനുള്ളിൽ അറിയിക്കാം.
70 കുടുംബങ്ങളാണ് മൂന്നാമത്തെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. വാർഡ് 11 ൽ 37 കുടുംബങ്ങളാണുള്ളത്. വാർഡ് 10ൽ 18 കുടുംബങ്ങളും, വാർഡ് 12 ൽ 15 കുടുംബങ്ങളുമാണ് പട്ടികയിലുൾപ്പെട്ടത്.
നേരത്തെ പുറത്തുവിട്ട ആദ്യ ഘട്ട പട്ടികയിൽ 242 കുടുംബങ്ങളും രണ്ടാം ഘട്ട പട്ടികയിൽ 81 കുടുംബങ്ങളും ആണ് ഉൾപ്പെട്ടിട്ടുള്ളത്.
അതേസമയം വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിന്റെ വായ്പയുടെ വിനിയോഗ സമയപരിമിതിയിൽ കേന്ദ്രം വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. മാർച്ച് 31-ന് അകം ഫണ്ട് വിനിയോഗിക്കണമെന്നത് അപ്രായോഗികമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.