അഭിപ്രായം പറയാനുള്ള ആർജവം അടിയറവ് വയ്ക്കരുത്; പോരാട്ടം തുടരുക തന്നെ, പ്രതികരണവുമായി പി.പി. ദിവ്യ
Monday, March 3, 2025 4:08 PM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിനു പിന്നാലെ പ്രതികരണവുമായി പി.പി. ദിവ്യ. അനീതി കൺകുളിർക്കെ കാണാനുള്ള കരുത്തും അഭിപ്രായം പറയാനുള്ള ആർജവവും അടിയറവ് വയ്ക്കരുത്. പോരാട്ടം തുടരുക തന്നെ എന്നും ദിവ്യ സമൂഹമാധ്യമത്തിൽ കുറിച്ചു.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയിരുന്നു. ജസ്റ്റീസ് പി.ബി.സുരേഷ് കുമാര്‍, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സിംഗിള്‍ ബെഞ്ച് നേരത്തേ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ഡിവിഷന് ബെഞ്ചിന് മുന്നില്‍ അപ്പീല്‍ എത്തിയത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
നവീന്‍ ബാബുവിന്റേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകയായ പി.പി.ദിവ്യ പ്രതിയായ കേസില്‍ തങ്ങള്‍ക്ക് നീതി കിട്ടണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു വാദം.
എന്നാല്‍ നവീന്‍ ബാബുവിന്റേത് ആത്മഹത്യയാണെന്നതാണ് ശാസ്ത്രീയ പരിശോധനാഫലമെല്ലാം വ്യക്തമാക്കുന്നതെന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ വാദം. കുടുംബത്തിന്റേത് ആരോപണം മാത്രമാണ്. സംസ്ഥാന പോലീസിന്റെ അന്വേഷണത്തെ പൂര്‍ണമായി വിശ്വസിക്കാമെന്നും അദ്ദേഹം വാദിച്ചിരുന്നു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.