യുഎസുമായി ഇപ്പോഴും കരാറിന് തയാർ; പക്ഷേ യുക്രെയ്നിന്റെ നിലപാട് കേൾക്കണം: സെലൻസ്കി
Monday, March 3, 2025 3:47 PM IST
കീവ്: യുക്രെയ്നിലെ ധാതു വിഭവങ്ങൾ സംബന്ധിച്ച് യുഎസുമായി കരാറിൽ ഒപ്പിടാൻ താൻ ഇപ്പോഴും തയാറാണെന്ന് പ്രസിഡന്റ് വോളോദിമിർ സെലൻസ്കി. അതിനെ "സുരക്ഷാ ഗാരണ്ടികൾക്കുള്ള ആദ്യപടി" എന്ന് വിശേഷിപ്പിച്ച സെലൻസ്കി, എന്നാൽ അത് പര്യാപ്തമല്ലെന്നും കൂട്ടിച്ചേർത്തു.
സുരക്ഷാ ഗാരണ്ടികളില്ലാത്ത ഒരു വെടിനിർത്തൽ യുക്രെയ്നിന് അപകടകരമാണ്. ഞങ്ങൾ മൂന്നുവർഷമായി പോരാടുകയാണ്. യുഎസ് നമ്മുടെ പക്ഷത്താണെന്ന് യുക്രെയ്നിയൻ ജനത അറിയേണ്ടതുണ്ടെന്നും അദ്ദേഹം എക്സിൽ വ്യക്തമാക്കി.
അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച കടുപ്പമേറിയതായിരുന്നുവെന്ന് ലണ്ടനിൽ മാധ്യമങ്ങളോട് സംസാരിക്കവേ സെലൻസ്കി പ്രതികരിച്ചു. യുഎസുമായി ക്രിയാത്മകമായ സംഭാഷണത്തിന് ഇപ്പോഴും തയാറാണ്. പക്ഷേ യുക്രെയ്നിന്റെ നിലപാട് കേൾക്കണം എന്നത് മാത്രമാണ് തന്റെ ആഗ്രഹം. വിയോജിപ്പുകൾ ഉണ്ടെങ്കിലും ക്ഷണിച്ചാൽ താൻ വീണ്ടും വൈറ്റ് ഹൗസിലെത്തുമെന്നും സെലൻസ്കി പറഞ്ഞു.