എസ്എസ്എൽസി പരീക്ഷയ്ക്ക് തുടക്കം, പരീക്ഷ എഴുതി നാല് ലക്ഷത്തിലധികം വിദ്യാർഥികൾ
അമ്മയ്ക്കൊരുമ്മ... എസ്എസ്എൽസി പരീക്ഷാഹാളിൽ കയറുന്നതിന് മുൻപായി അമ്മയ്ക്ക് ഉമ്മനൽകി യാത്ര ചോദിക്കുന്ന വിദ്യാർഥിനി. തിരുവനന്തപുരം കോട്ടൺ ഹിൽ ഗവ.ഗേൾസ് ഹയർസെക്കൻഡറിസ്കൂളിൽനിന്നുള്ള ദൃശ്യം. ചിത്രം: അനിൽ ഭാസ്കർ
Monday, March 3, 2025 3:24 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയ്ക്കു തുടക്കമായി. 4,27,021 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. രാവിലെ 9.30നാണ് പരീക്ഷ ആരംഭിച്ചത്. ഉച്ചകഴിഞ്ഞ് 1.30നു രണ്ടാം വര്‍ഷ ഹയര്‍സെക്കൻഡറി പരീക്ഷ തുടങ്ങി.
ആകെ 2,980 കേന്ദ്രങ്ങളിലായാണ് കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. കേരളത്തിന് പുറത്ത് ലക്ഷദ്വീപില്‍ ഒൻപത് കേന്ദ്രങ്ങളും ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്. 28,358 പേർ.
ഏറ്റവും കുറവ് കുട്ടികള്‍ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്. ഇവിടെ 1,893 പേരാണ് പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ 26ന് അവസാനിക്കും. ഏപ്രില്‍ മൂന്നിന് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളിലായി എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം തുടങ്ങും.