മിസ്റ്റർ ചീഫ് മിനിസ്റ്റർ..., ഞങ്ങൾ ചോദിക്കുക തന്നെ ചെയ്യുമെന്ന് ചെന്നിത്തല
Monday, March 3, 2025 3:15 PM IST
തിരുവനന്തപുരം: മിസ്റ്റർ ചീഫ് മിനിസ്റ്റർ വിളിയിൽ ക്ഷുഭിതനായ മുഖ്യമന്ത്രിയോട് കൂടുതൽ ചോദ്യങ്ങളുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഞങ്ങൾ സഭയിൽ എന്ത് പറയണം, എന്ത് സംസാരിക്കണം എന്നത് നിങ്ങൾ തീരുമാനിക്കണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
നിങ്ങളുടെ പരാജയങ്ങൾ ഞങ്ങൾ എണ്ണിയെണ്ണി ചോദിക്കും. ആ ചോദ്യങ്ങൾ കേരള ജനതയുടെതാണ്. നിങ്ങൾ ഉത്തരം പറഞ്ഞെ മതിയാവൂവെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
ഒരു ചോദ്യത്തിൽ നിന്ന് പോലും നിങ്ങൾക്ക് ഒളിച്ചോടാൻ ആവില്ല. കേരളം ലഹരിയിൽ മുങ്ങുമ്പോൾ നിങ്ങൾ വീണ വായിച്ചിരിക്കുകയാണ്. ലഹരിക്ക് അടിമപ്പെട്ട യുവത്വം തെരുവുകളിലും വീടുകളിലും ചോര വീഴ്ത്തുമ്പോൾ നിങ്ങൾ ഉറക്കം നടിക്കുകയാണ്.
അതുകൊണ്ടുതന്നെ ഈ ചോദ്യങ്ങൾ വരാനിരിക്കുന്ന തലമുറയ്ക്ക് വേണ്ടിയുള്ളവയാണ്. മിസ്റ്റർ ചീഫ് മിനിസ്റ്റർ, ഉത്തരം പറയാതെ നിങ്ങളെ വിടില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം മിസ്റ്റർ ചീഫ് മിനിസ്റ്റർ വിളിയിൽ ക്ഷുഭിതനായ മുഖ്യമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ രംഗത്തെത്തി. "മിസ്റ്റർ ചീഫ് മിനിസ്റ്റർ' എന്നല്ലാതെ "ഡാ പൊന്നളിയാ' എന്നഭിസംബോധന ചെയ്യാൻ പറ്റുമോ എന്ന് സന്ദീപ് ഫേസ്ബുക്കിൽ ചോദിച്ചു.
നിയമസഭയിൽ രമേശ് ചെന്നിത്തല അടിയന്തരപ്രമേയം അവതരിപ്പിക്കെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് അഭിസംബോധന ചെയ്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.