കുട്ടികളില്‍ അക്രമങ്ങള്‍ വര്‍ധിക്കുന്നത് ആഗോളപ്രശ്നം; ചെന്നിത്തലയെ വിമര്‍ശിച്ചും സതീശനെ പുകഴ്ത്തിയും മുഖ്യമന്ത്രി
Monday, March 3, 2025 3:04 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങള്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തില്‍ ചെന്നിത്തലയെ വിമര്‍ശിച്ചും സതീശനെ പുകഴ്ത്തിയും മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം. സതീശനും ചെന്നിത്തലയും സംസാരിച്ചത് രണ്ട് തരത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രശ്നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചത്. വിഷയത്തിലൂന്നിക്കൊണ്ടാണ് സതീശന് കാര്യങ്ങള്‍ പറഞ്ഞത്. പ്രമേയം അവതരിപ്പിച്ച രമേശ് ചെന്നിത്തല അങ്ങനെ ചെയ്തോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ലഹരി വ്യാപനം തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന പ്രതിപക്ഷ വിമര്‍ശനത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ലഹരിയുടെ ഉറവിടമായ പ്രധാന കണ്ണിയെ ഹൈദരാബാദില്‍ പോയി പിടികൂടി.
എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലാത്തി മാത്രമല്ല ആയുധമായുള്ളത്. എസ്ഐ മുതല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ നല്‍കിയിട്ടുണ്ട്.
ഈ രീതി തുടരണമെന്ന് എസ്എഫ്ഐ വേദിയില്‍ നടത്തിയ പരാമര്‍ശവും മുഖ്യമന്ത്രി ശരിവച്ചു. 35 എസ്എഫ്ഐക്കാര്‍ കൊല്ലപ്പെട്ടിട്ടും എസ്എഫ്ഐക്കാരാല്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. ഈ സഹനശക്തി തുടരണമെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
യുഎസില്‍ കുട്ടികള്‍ നടത്തിയ അക്രമസംഭവങ്ങളും മുഖ്യമന്ത്രി സഭയില്‍ പരാമര്‍ശിച്ചു. ഇതൊരു ആഗോളപ്രശ്നമാണെന്നും കേരളത്തിലെ സംഭവങ്ങള്‍ ഗൗരവമായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.