മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ച് ചെന്നിത്തല; ക്ഷുഭിതനായി മുഖ്യമന്ത്രി; സഭയില്‍ വാക്പോര്
Monday, March 3, 2025 12:48 PM IST
തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ അടിയന്തരപ്രമേയ പ്രസംഗത്തിലെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ വിളിയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്. അനാവശ്യ കാര്യങ്ങള്‍ പറയരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓരോ വിഷയത്തിലും മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഓരോ ചോദ്യത്തിനും താന്‍ ഉത്തരംപറയണോ? പഠിപ്പിക്കാന്‍ നോക്കേണ്ട.
നാടിന്റെ പ്രശ്നം മനസിലാക്കാന്‍ ശ്രമിക്കണം. ഇതൊക്കെയാണോ ഇവിടെ സംസാരിക്കേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
എന്നാല്‍ എഴുതിതന്നത് പറയാനല്ല പ്രതിപക്ഷം ഇരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് തിരിച്ചടിച്ചു. നിങ്ങളാണ് കേരളത്തിന്റെ ആഭ്യന്തരമന്ത്രി, നിങ്ങളെ കുറ്റപ്പെടുത്തും. അതില്‍ അസഹിഷ്ണുത എന്തിനാണെന്നും സതീശന് ചോദ്യം ഉന്നയിച്ചു.
സങ്കുചിതമായ രാഷ്ട്രീയലക്ഷ്യം വച്ചാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്ന് മന്ത്രി പി.രാജീവ് കുറ്റപ്പെടുത്തി. നോട്ടീസില്‍ പരാമര്‍ശിച്ച വിഷയമാണ് സംസാരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം താന്‍ എന്ത് സംസാരിക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ടെന്ന് ചെന്നിത്തല പറഞ്ഞു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിക്കുന്നത് അണ് പാര്‍ലമെന്ററി അല്ല.കേരളത്തിലെ കൂട്ടക്കൊലപാതകവും ലഹരിയുടെ വ്യാപനവും തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നത് സത്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.