കോൺഗ്രസ് പ്രവർത്തകയുടെ കൊലപാതകം: ഒരാൾ അറസ്റ്റിൽ
Monday, March 3, 2025 12:38 PM IST
ചണ്ഡീഗഡ്: യൂത്ത് കോൺഗ്രസ് പ്രവർത്തകയായ ഹിമാനി നർവാളിന്റെ (22) കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ. ഹരിയാന പോലീസാണ് പ്രതിയെ പിടികൂടിയത്. കേസ് അന്വേഷണത്തിനായി ഹരിയാന പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഒരാൾ അറസ്റ്റിലായത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഹരിയാന പോലീസ് പറഞ്ഞു. നാല് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
മാർച്ച് ഒന്നിനാണ് റോഹ്തക്-ഡൽഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിനു സമീപം ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൻ ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്. റോഹ്തക്ക് വിജയ് നഗർ സ്വദേശിനിയാണ് ഹിമാനി നർവാൾ.
അതിനിടെ മകളുടെ കൊലയാളിയെ പിടികൂടുന്നതുവരെ മൃതദേഹം ദഹിപ്പിക്കാൻ അനുവദിക്കില്ലെന്നു ഹിമാനിയുടെ കുടുംബം അറിയിച്ചു.