ഓസ്കര്: കീറൻ കൾക്കിന് മികച്ച സഹനടൻ
Monday, March 3, 2025 6:24 AM IST
ലൊസാഞ്ചലസ്: 97-ാമത് ഓസ്കര് പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചു. പതിവുപോലെ ലോസാഞ്ചല്‍സിലെ ഡോള്‍ബി തീയറ്ററിലാണ് ചടങ്ങ് നടക്കുന്നത്. മികച്ച സഹനടനുള്ള അവാര്‍ഡ് കീറൻ കൾക്കിന് സ്വന്തമാക്കി.
ദ റിയല്‍ പെയിന്‍ എന്ന ചിത്രത്തിലെ അഭിനയമാണ് കീറനെ പുരസ്കാരത്തിന് അർഹനാക്കിയത്. റോബര്‍ട്ട് ബ്രൗണി ജൂണിയറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്കാരം ഫ്ലോ എന്ന ചിത്രം നേടി.

മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്കാരം ഇറാനിൽ നിന്നുള്ള ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രം സ്വന്തമാക്കി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരനായി പോൾ ടേസ്വെൽ ചരിത്രം സൃഷ്ടിച്ചു.
മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്കാരം അനോറയുടെ രചന നടത്തിയ ഷോണ്‍ ബേക്കറിന് ലഭിച്ചു. ദ സബ്സ്റ്റന്‍സ് മികച്ച മേയ്ക്കപ്പ് ഹെയര്‍ സ്റ്റെലിസ്റ്റ് അവാര്‍ഡ് കരസ്ഥമാക്കി.

മികച്ച എഡിറ്ററിനുള്ള അവാർഡ് ഷോണ്‍ ബേക്കറിന് ലഭിച്ചു. അനോറ എന്ന ചിത്രത്തിന്റെ എഡിറ്റിംഗിനാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.സോയി സാൽഡാനയ്ക്കാണ് മികച്ച സഹനടിക്കുള്ള പുരസ്കാരം. എമിലിയ പെരെസ് എന്ന ചിത്രത്തിനാണ് പുരസ്കാരം.
മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ഓസ്കാര്‍ പുരസ്കാരം വിക്കെഡ് എന്ന ചിത്രത്തിന് ലഭിച്ചു.