രഞ്ജിയിൽ കേരളം വിയർക്കുന്നു; ലീഡ് 350 കടന്ന് വിദർഭ
Sunday, March 2, 2025 12:52 PM IST
നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ വിദർഭ ശക്തമായ നിലയിൽ. അഞ്ചാം ദിനം ലഞ്ച് ബ്രേക്കിനു പിരിയുന്പോൾ 317-7 എന്ന ശക്തമായ നിലയിലാണ് വിദർഭ. ഇതോടെ വിദർഭയുടെ ലീഡ് 351 റൺസായി.
രാവിലെ വിദർഭയുടെ മൂന്ന് വിക്കറ്റുകൾ വീണെങ്കിലും അക്ഷയ് കർനെവാറും ദർശൻ നൽകഡെയും ചെറുത്തുനിന്നതോടെ കേരളത്തിന്റെ പ്രതീക്ഷകളും മങ്ങിതുടങ്ങി. കർനെവാർ 49 പന്തിൽ 24 റണ്‍സും നാൽകഡെ 39 പന്തിൽ എട്ട് റണ്‍സുമായി ക്രീസിൽ നങ്കൂരമിട്ടിരിക്കുകയാണ്.
ഇന്ന് തുടക്കത്തിൽ തന്നെ സെഞ്ചുറി നേടിയ കരുണ്നായരെയും (135) യാഷ് റാത്തോഡിനെയും (24) വീഴ്ത്തി സർവാത്തെ കേരളത്തിനു ചെറിയ പ്രതീക്ഷകൾ നൽകിയിരുന്നു. ഹർഷ് ദുബെയെ (4) ആപ്പിൽ ടോമും പവലിയൻ കയറ്റിയത് കേരളത്തിന് കൂടുതൽ പ്രതീക്ഷ നൽകിയെങ്കിലും കർനെവാറും നൽകഡെയും ചേർന്ന് ആ പ്രതീക്ഷകൾ തല്ലിക്കെടുത്തുകയായിരുന്നു.
മത്സരം സമനിലയില്‍ പിരിഞ്ഞാലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ആനുകൂല്യത്തില്‍ വിദര്‍ഭ ട്രോഫി സ്വന്തമാക്കും.