തിരുവനന്തപുരം വെള്ളനാട്ട് കോഴി ഫാമിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു
Saturday, March 1, 2025 4:05 PM IST
തിരുവനന്തപുരം: വെള്ളനാട്ട് കോഴി ഫാമിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു. വാറ്റു സംഘമാണ് ആക്രമണം നടത്തിയത്.
രണ്ട് ഉദ്യോഗസ്ഥർക്കാണ് വെട്ടേറ്റത്. മറ്റൊരു ഉദ്യോഗസ്ഥനെ മര്‍ദനമേറ്റു. ജിഷ്ണു, ശ്രീകാന്ത് എന്നീ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കാണ് വെട്ടേറ്റത്. ഗോകുൽ എന്ന ഉദ്യോഗസ്ഥനെ പ്രതികള്‍ മര്‍ദിച്ചു. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉദ്യോഗസ്ഥരെ ആക്രമിച്ച കോഴി ഫാം ഉടമ വാമദേവനെയും കൂട്ടാളി മനോഹരനെയും എക്സൈസ് പിടികൂടി. വെള്ളനാട്ട് മിത്രാ നികേതന്‍ സമീപമുള്ള കോഴി ഫാമിൽ വാറ്റ് ചാരം വിൽക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇവിടെ പരിശോധനയ്ക്കെത്തിയത്.
ആര്യനാട് എക്സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് സംഘം കോഴി ഫാമിലെത്തിയപ്പോള്‍ ഇവരെ ആക്രമിക്കുകയായിരുന്നു.കത്തി ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം.
കോഴി ഫാമിലെ വാട്ടര്‍ ടാങ്കിൽ സൂക്ഷിച്ചിരുന്ന പത്തു ലിറ്റര്‍ ചാരായം എക്സൈസ് സംഘം പിടികൂടി. പ്രതികള്‍ നേരത്തെയും അബ്കാരി കേസുകളിൽ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന് എക്സൈസ് അറിയിച്ചു.