ഷഹബാസിന്റെ മരണം; അഞ്ച് വിദ്യാർഥികൾക്കെതിരേ കൊലക്കുറ്റം ചുമത്തി
Saturday, March 1, 2025 9:52 AM IST
കോഴിക്കോട്: താമരശേരിയിൽ വിദ്യാർഥി സംഘർഷത്തിനിടെ പത്താം ക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. രാവിലെ 11ന് ഇവരെ ജുവനൈല്‍ ജസ്റ്റിസിന് മുന്പിൽ ഹാജരാക്കാൻ രക്ഷിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് വിദ്യാർഥികൾ മർദിച്ചിട്ടുണ്ടാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ഞായറാഴ്ച ട്യൂഷൻ സെന്ററിലെ യാത്രയയപ്പിനിടെ ഉണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായി വ്യാഴാഴ്ച വൈകുന്നേരം താമരശേരി ടൗണിൽ വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു.
എംജെ ഹയർ സെക്കണ്ടറി സ്കൂൾ കുട്ടികൾ ഡാൻസ് കളിക്കുമ്പോൾ താമരശേരി ഹയർ സെക്കണ്ടറി റി സ്കൂളിലെ ഏതാനും വിദ്യാർഥികൾ കൂകിയതാണു പ്രശ്നങ്ങൾക്ക് തുടക്കം. ഇതിനു പകരം വീട്ടാൻ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി കൂടുതൽ കുട്ടികളെ വിളിച്ചു വരുത്തിയാണ് ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടിയതെന്ന് പോലീസ് പറഞ്ഞു.
അതേസമയം കൊല്ലണമെന്ന ഉദ്ദേശത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് ഉണ്ടായതെന്ന് മരിച്ച ഷഹബാസിന്റെ പിതാവ് പറഞ്ഞു. ഷഹബാസിനെ സുഹൃത്താണ് വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയതെന്നു പിതാവ് പോലീസിൽ മൊഴി നൽകിയിരുന്നു.