ജ്യൂസിന്റെ ബോട്ടിലിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ചു; രണ്ടു വയസുകാരൻ മരിച്ചു
Saturday, March 1, 2025 7:51 AM IST
തിരുവനന്തപുരം: ജ്യൂസ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ച രണ്ടു വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. കന്യാകുമാരി പനച്ചമൂടിനു സമീപം ദേവി കോടിലാണ് സംഭവം. അനിൽ-അരുണ ദമ്പതികളുടെ ഇളയ മകനായ ആരോണാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി മൂത്ത സഹോദരനുമായി കളിക്കുന്നതിനിടെ ജ്യൂസിന്റെ ബോട്ടിലിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ആരോൺ കുടിക്കുകയായിരുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ അമ്മയാണ് കുഞ്ഞ് മണ്ണെണ്ണ കുടിച്ചതായി കണ്ടത്. ഉടൻ തന്നെ നാട്ടുകാരെത്തി കുഞ്ഞിനെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.