വയനാട് പുനരധിവാസം തടസപ്പെടരുതെന്ന് ഹൈക്കോടതി
Friday, February 28, 2025 2:52 PM IST
കൊച്ചി: വയനാട് പുനരധിവാസം തടസപ്പെടരുതെന്ന് ഹൈക്കോടതി. വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ഹരിസൺ മലയാളം നൽകിയ ഹർജിയിലായിരുന്നു കോടതി നിലപാട്.
അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ നൽകിയില്ല. ഇടക്കാല ഉത്തരവ് നൽകാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. അതേസയമം അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു.
ഏറ്റെടുക്കുന്ന ഭൂമിക്ക് പണം നൽകണമെന്ന ഹാരിസൺസിന്റെ വാദം കോടതി അംഗീകരിച്ചില്ല. സർക്കാരിന്റെ പണം സ്വകാര്യ വ്യക്തിക്ക് നൽകിയാൽ തിരിച്ചുപിടിക്കാൻ പ്രയാസമാകും. ഭൂമിയിൽ സിവിൽ തർക്കം നിലനിൽക്കുന്നതിനാലാണ് ബാങ്ക് ഗാരന്റിക്കുള്ള നിർദ്ദേശം. പുനരധിവാസ വിഷയത്തിൽ പൊതുതാൽപര്യം സംരക്ഷിക്കപ്പെടണമെന്നും ഹൈക്കോടതി അറിയിച്ചു.
ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമിക്കാനായി ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു.