അര്‍ധസെഞ്ചുറിയുമായി സച്ചിന് ബേബി; ലീഡിനായി കേരളം പൊരുതുന്നു
Friday, February 28, 2025 1:35 PM IST
നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഒന്നാമിന്നിംഗ്സ് ലീഡിനായി കേരളം പൊരുതുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 250 റൺസെന്ന നിലയിലാണ് കേരളം. അഞ്ചുവിക്കറ്റ് കൂടി ശേഷിക്കേ വിദര്‍ഭയുടെ സ്കോറിനൊപ്പമെത്താന്‍ കേരളത്തിനു 129 റണ്‍സ് കൂടി വേണം.
ആദിത്യ സർവാതെയ്ക്കു പിന്നാലെ അപരാജിത അർധസെഞ്ചുറി നേടിയ നായകൻ സച്ചിൻ ബേബിയുടെ കരുത്തിലാണ് കേരളം 250 കടന്നത്. 155 പന്തിൽ 62 റൺസെടുത്തു നില്ക്കുന്ന സച്ചിനൊപ്പം 19 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനാണ് ക്രീസിൽ.
നേരത്തെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് സ്കോര്‍ 170ല്‍ നില്‍ക്കെയാണ് നാലാം വിക്കറ്റ് നഷ്ടമായത്. ആദിത്യ സാര്‍വതെ 79 റണ്‍സുമായി മടങ്ങി. പിന്നാലെ ക്രീസിലെത്തിയ സല്മാന് നിസാര്‍ സച്ചിൻ ബേബിക്കൊപ്പം 49 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, സ്കോർ 200 കടന്നതിനു പിന്നാലെ 21 റണ്‍സുമായി സൽമാൻ പുറത്തായി.
വിദർഭയുടേതിനു സമാനമായി തകർച്ചയോടെയായിരുന്നു കേരള ഇന്നിംഗ്സിന്റെയും തുടക്കം. ഓപ്പണർമാരായ അക്ഷയ് ചന്ദ്രനെയും (14) രോഹൻ കുന്നുമ്മലിനെയും (0) ക്ലീൻബൗൾഡാക്കി ദർശൻ നല്‍കണ്ഡെ കേരളത്തെ ഞെട്ടിച്ചു. പിന്നീട് യുവതാരം അഹമ്മദ് ഇമ്രാനെ കൂട്ടുപിടിച്ച് ആദിത്യ സർവാതെ നടത്തിയ രക്ഷാപ്രവർത്തനമാണ് വൻതകർച്ച ഒഴിവാക്കിയത്.
32-ാം ഓവറിൽ അഹമ്മദ് ഇമ്രാനെ യഷ് ഠാക്കൂർ പകരക്കാരൻ എ.ആർ. മോക്ഹഡെയുടെ കൈകളിലെത്തിച്ചതോടെ വീണ്ടും ആശങ്ക. പിന്നാലെയെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബി സർവാതെയ്ക്കൊപ്പം കൂട്ടിച്ചേർത്ത 63 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് സ്കോർ 150 കടത്തിയത്.
വിദർഭയ്ക്കു വേണ്ടി ദർശൻ നൽകണ്ഡെയും ഹർഷ് ദുബെയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ യഷ് താക്കൂർ ഒരു വിക്കറ്റ് വീഴ്ത്തി.