വിദ്വേഷ പരാമര്‍ശക്കേസ്; പി.സി.ജോര്‍ജിന് ജാമ്യം
Friday, February 28, 2025 11:27 AM IST
കോട്ടയം: മതവിദ്വേഷ പരാമര്‍ശക്കേസില്‍ ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.സി.ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. പലഘട്ടങ്ങളായി നടന്ന വാദത്തിനൊടുവിലാണ് കോടതി ജാമ്യം അനുവദിച്ചത്.
ശാരീക ബുദ്ധിമുട്ടുകള്‍ അടക്കമുള്ള കാര്യങ്ങള്‍ പി.സി.ജോര്‍ജ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊതു പ്രവർത്തകനാകുമ്പോൾ കേസുകൾ ഉണ്ടാകും. താൻ മുന്‍പ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് കേസുകൾ ഇല്ല. അന്വേഷണം പൂർത്തീകരിച്ചതായി പോലീസ് റിപ്പോർട്ട് ഉണ്ടെന്നും അതിനാൽ ജാമ്യം നൽകണമെന്നും ജോർജ് വാദിച്ചു.
മൂന്ന് മുതൽ അഞ്ച് വർഷം വരെ ശിക്ഷ നൽകണമെന്നും തുടർച്ചയായി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. കേസില്‍ അറസ്റ്റിലായ ജോർജ് നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. ജനുവരി അഞ്ചിന് ചാനല്‍ ചര്‍ച്ചയില്‍ മുസ്ലീം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ച് യൂത്ത് ലീഗ് നല്കിയ പരാതിയിലാണ് ഈരാറ്റുപേട്ട പോലീസ് കേസെടുത്തത്.