എംഡിഎംഎ കടത്തുന്ന രണ്ട് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റിൽ
Friday, February 28, 2025 10:52 AM IST
കോഴിക്കോട്: ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടെ വിവിധ സ്ഥലങ്ങളിലേക്ക് ലഹരിയെത്തിക്കുന്ന മാഫിയസംഘത്തിലെ രണ്ട് ബസ് ഡ്രൈവർമാർ അറസ്റ്റിൽ. 31.70 ഗ്രാം എംഡിഎംഎയുമായാണ് ഡ്രൈവർമാരെ അറസ്റ്റുചെയ്തത്.
കോഴിക്കോട് കോവൂർ സ്വദേശി പിലാക്കിൽ ഹൗസിൽ പി. അനീഷ് (44), തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തിൽ പി. സനൽകുമാർ(45) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കോഴിക്കോട്-ബംഗളൂരു ടൂറിസ്റ്റ് ബസിൽ രാത്രി സർവീസ് നടത്തുന്ന ഡ്രൈവർമാരാണ്.
ഒട്ടേറെത്തവണ ഇവർ ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി പോലീസ് അറിയിച്ചു. ബംഗളൂരുവിൽനിന്ന് ലഹരിമരുന്ന് വാങ്ങി ബസിൽ ഒളിപ്പിച്ചശേഷം കൊടുക്കേണ്ട ആളുകളുമായി വാട്ട്സ്ആപ്പിലൂടെ സംസാരിച്ച് കൈമാറുന്ന സ്ഥലം ഉറപ്പിക്കും.
ബസ് സ്ഥലത്ത് എത്താറാകുമ്പോൾ വീണ്ടും വിളിച്ച് സുരക്ഷ ഉറപ്പുവരുത്തും. കാത്തുനിൽക്കുന്ന ആളുകൾക്ക് ഓടുന്ന ബസിൽനിന്നുതന്നെ ലഹരിമരുന്നുപൊതി പുറത്തേക്ക് എറിഞ്ഞുകൊടുക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്.
അതിനുശേഷം ബസ് കോഴിക്കോട്ട് എത്തുമ്പോഴേക്കും വാട്ട്സ്ആപ്പ് ചാറ്റും കോളും മൊബൈലിൽനിന്ന് ഡിലീറ്റ് ചെയ്യും. ഇരുവരെയും പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.