ധാതുവിഭവങ്ങൾ പങ്കുവയ്ക്കാൻ കരാർ: സെലൻസ്കി ഇന്ന് യുഎസിൽ
Friday, February 28, 2025 7:54 AM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്നിലെ ധാതുവിഭവങ്ങൾ പങ്കുവയ്ക്കുന്നതു സംബന്ധിച്ച കരാർ ഒപ്പിടുന്നതിനു പ്രസിഡന്റ് വോളോദിമിർ സെലൻസ്കി ഇന്ന് യുഎസിലെത്തും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്.
റഷ്യൻ അധിനിവേശം നേരിടാൻ യുക്രെയ്നു സഹായം നല്കുന്നതിനു പകരമായി ധാതുവിഭവങ്ങളിൽ അവകാശം വേണമെന്നാവശ്യപ്പെട്ടതു ട്രംപാണ്. കരാറിന്റെ ഭാഗമായി യുഎസിൽനിന്ന് സുരക്ഷാ ഉറപ്പുകൾ നേടിയെടുക്കാൻ യുക്രെയ്ൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, യുക്രെയ്നു കാര്യമായ സുരക്ഷാ ഉറപ്പുകൾ നല്‍കില്ലെന്നാണു ട്രംപ് സൂചിപ്പിച്ചത്.
ട്രംപുമായി നടത്തുന്ന ചർച്ചകളെയും തുടർന്ന് യുഎസ് വാഗ്ദാനം ചെയ്യുന്ന സഹായത്തെയും ആശ്രയിച്ചിരിക്കും പ്രകൃതിവിഭവ കരാറിന്റെ വിജയമെന്ന് സെലൻസ്കി പറഞ്ഞു.