പി. രാജുവിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിനു വയ്ക്കരുത്; പാർട്ടിയിൽനിന്ന് രാജുവിന് നീതി ലഭിച്ചില്ലെന്ന് കുടുംബം
Thursday, February 27, 2025 9:57 PM IST
കൊച്ചി: അന്തരിച്ച സിപിഐ നേതാവ് പി. രാജുവിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിനു വയ്ക്കില്ല. മൃതദേഹം പൊതുദർശനത്തിനായി പാർട്ടി ഓഫീസിൽ വയ്ക്കേണ്ടതില്ലെന്ന് കുടുംബം പാർട്ടിയെ അറിയിച്ചു.
പാർട്ടിയിൽനിന്ന് രാജുവിന് നീതി ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. മൃതദേഹം പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.
ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിൽ രാജുവിനെ വ്യക്തിഹത്യ നടത്തിയെന്ന് സിപിഐ നേതാവ് കെ.ഇ. ഇസ്മയിൽ പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു പി. രാജുവിന്റെ (73) അന്ത്യം. രണ്ട് തവണ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു.
1991ലും 1996ലും വടക്കന്‍ പറവൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും, ജനയുഗം കൊച്ചി യൂണിറ്റ് മാനേജരും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.