ചെന്താമരയുടെ ജാമ്യാപേക്ഷ തള്ളി
Thursday, February 27, 2025 1:17 PM IST
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ തള്ളി. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജൂഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്.
ചെന്താമരയുടെ അറസ്റ്റ്, നടപടിക്രമങ്ങൾ പാലിക്കതെയാണെന്ന് പ്രതിഭാഗം വാദിച്ചു. അറസ്റ്റ് വിവരം രേഖാമൂലം പ്രതിയെ അറിയിച്ചില്ലെന്നും വാദമുണ്ടായിരുന്നു. എന്നാൽ അറസ്റ്റ് വിവരം ചെന്താമരയെയും സഹോദരനെയും അറിയിച്ചിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
താൻ നിരപരാധിയാണ്. തന്നെ കേട്ടുകേൾവിയുടെയും സംശയത്തിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും ചെന്താമരയ്ക്കായി അഭിഭാഷകൻ വാദിച്ചു. ഇത് കോടതി തള്ളി. ചെന്താമര പുറത്തിറങ്ങിയാൽ പ്രദേശവാസികൾക്ക് വലിയ സുരക്ഷ ഭീഷണി ഉണ്ടാകുമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി ചെന്താമരയുടെ ജാമ്യം തള്ളുകയായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് അഭിഭാഷകൻ മുഖേന ചെന്താമര ജാമ്യാപേക്ഷ നൽകിയത്. മുമ്പ് രഹസ്യമൊഴി രേഖപ്പെടുത്താനെത്തിയപ്പോൾ കുറ്റസമ്മത മൊഴി നൽകാൻ തയാറല്ലെന്ന് ചെന്താമര കോടതിയെ അറിയിച്ചു.
അഭിഭാഷകനെ കണ്ടശേഷമാണ് ചെന്താമര തീരുമാനം മാറ്റിയത്. ജനുവരി 27നാണ് പോത്തുണ്ടി ബോയൻ കോളനിയിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 31ന് സുധാകരന്റെ ഭാര്യ സജിതയെ കഴുത്തറുത്തും കൊലപ്പെടുത്തിയിരുന്നു.
സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.