കെപിസിസി അടിമുടി അഴിച്ചുപണിയണമെന്ന് ദീപാദാസ് മുൻഷി
Thursday, February 27, 2025 12:56 PM IST
തിരുവനന്തപുരം: കെപിസിസി അടിമുടി അഴിച്ചു പണിയണമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി. കെ. സുധാകരനെ മാറ്റി പുതിയ അധ്യക്ഷനെ നിയോഗിക്കണമെന്നും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. കേരളത്തിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റിപ്പോർട്ട് കൈമാറിയത്.
അതേസമയം ഹൈക്കമാൻഡ് വിളിപ്പിച്ച കേരളത്തിൽനിന്നുള്ള പ്രധാന നേതാക്കളുടെ യോഗം നാളെ ഡൽഹിയിൽ നടക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ നേതാക്കളെ പ്രത്യേകം കാണും. ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് നേതാക്കളോട് ആവശ്യപ്പെടും. പിന്നാലെ പുനഃസംഘടന പട്ടിക പുറത്ത് വിടുമെന്നും അറിയുന്നു. യോഗത്തിൽ കെ. സി വേണുഗോപാൽ പങ്കെടുക്കില്ലെന്നാണു റിപ്പോർട്ട്.
എറണാകുളം, തൃശൂർ, കണ്ണൂർ, മലപ്പുറം ഒഴികെയുളള ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാർ മാറിയേക്കും. പുതിയ കെപിസിസി അധ്യക്ഷനെ മാർച്ച് ആദ്യവാരം പ്രഖ്യാപിക്കാനാണു സാധ്യത. അഹമ്മദാബാദിൽ ഏപ്രിലിൽ നടക്കുന്ന എഐസിസി സമ്മേളനത്തിന് മുമ്പായി കെപിസിസി പുനഃസംഘടന നടക്കും.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ്, ബെന്നി ബഹനാൻ, കെ. മുരളീധരൻ എന്നിവയുടെ പേരാണ് സജീവപരിഗണനയിൽ. ഹൈക്കമാൻഡ് വിളിച്ച യോഗത്തിൽനിന്നു മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടുനിൽക്കാനാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷ് ആവശ്യം ഉന്നയിച്ചെങ്കിലും മല്ലികാർജുൻ ഖാർഗെ പരിഗണിച്ചില്ലെന്നാണ് അറിയുന്നത്.