സുധാകരൻ അധ്യക്ഷ സ്ഥാനമൊഴിഞ്ഞേക്കും, കെപിസിസിയിൽ നേതൃമാറ്റത്തിന് സാധ്യത
Wednesday, February 26, 2025 12:44 PM IST
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ സമൂല മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുളള റിപ്പോർട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനിൽ കനുഗോലു സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ പുനഃസംഘടന ഉടൻ നടന്നേക്കും. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരനെ മാറ്റിയേക്കും.
അധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ്, ബെന്നി ബഹനാൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് വിവരം. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ അധ്യക്ഷനാകാൻ അടൂർ പ്രകാശ് താൽപര്യം പ്രകടിപ്പിച്ചതായാണ് വിവരം. കെസിപിസി അധ്യക്ഷനെ സംബന്ധിച്ച് അടുത്ത മാസം പ്രഖ്യാപനം ഉണ്ടാകും. ഡിസിസി അധ്യക്ഷൻമാർക്കും മാറ്റം ഉണ്ടായേക്കും.
വെള്ളിയാഴ്ച ഡൽഹിയിൽ ചേരുന്ന യോഗം തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യും. കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ കെപിസിസി അധ്യക്ഷൻമാർ തുടങ്ങിയവരെയാണ് വിളിപ്പിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയ കേരളത്തിലും ആസാമിലും നേതൃമാറ്റം അനിവാര്യമാണെന്നാണ് ഹൈക്കമാൻഡ് തീരുമാനം.