സമരം നടത്തുന്നത് ഈര്‍ക്കില്‍ സംഘടന; ആശ വര്‍ക്കര്‍മാരുടെ സമരത്തെ പരിഹസിച്ച് എളമരം കരീം
Wednesday, February 26, 2025 11:49 AM IST
കൊച്ചി: ആശ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സിപിഎം നേതാവ് എളമരം കരീം വീണ്ടും രംഗത്ത്. സമരം നടത്തുന്നത് ഏതോ ഈര്‍ക്കില്‍ സംഘടനയാണെന്ന് എളമരം കരീം പറഞ്ഞു. അവരുടെ സംഘടനാശക്തി കൊണ്ടൊന്നുമല്ല ഇത് സംഭവിക്കുന്നത്. അവര്‍ക്ക് പിന്നില്‍ ആരോ ഉണ്ടാകാം. മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടിയതോടെ അവര്‍ക്ക് ഒരു ഹരമായെന്നും കരീം പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് മന്ത്രിയുടെ വീട്ടിലേക്ക് തള്ളിക്കയറുന്നു. എല്ലാ ദിവസവും വാര്‍ത്ത വരുന്നു. അങ്ങനെ ശ്രദ്ധ പിടിച്ചുപറ്റിയതിന്റെ ആവേശത്തിലാണ് സമരം തുടരുന്നത്. അതല്ലാതെ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കല്‍ ഈ വിധത്തിലല്ലെന്നും കരീം പറഞ്ഞു.
ആരോഗ്യമേഖലയെ പൂര്‍ണമായി സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തെ അനുകൂലിക്കാനാകില്ല. മുമ്പ് സിഐടിയു നിരവധി സമരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കും പാര്‍ലമെന്റിനും മുന്നില്‍ നടത്തി.
കേന്ദ്ര തൊഴില്‍ വകുപ്പുമായും ആരോഗ്യവകുപ്പുമായും ചര്‍ച്ച നടത്തിയപ്പോഴും ഇവര്‍ തൊഴിലാളികളല്ല. വൊളണ്ടിയേഴ്സ് ആണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. അതിനാല്‍ ഇന്‍സെന്റീവ് മാത്രമേ നല്‍കാനാകൂ എന്നാണ് പറഞ്ഞത്.
ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാരിന് കഴിയാവുന്നത് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ആശ വര്‍ക്കര്‍മാര്‍ക്ക് 7000 രൂപ വരെ ഓണറേറിയം നല്‍കുന്നത് കേരള സര്‍ക്കാര്‍ കൂടി ചേര്‍ന്നിട്ടാണ്. കൂടാതെ അവര്‍ ചെയ്യുന്ന ഓരോ ജോലിക്കും പ്രത്യേക ഇന്‍സെന്റീവുകളുണ്ട്.
ദേശീയ തലത്തില്‍ എന്‍എച്ച്എം എംപ്ലോയീസ് ഫെഡറേഷന്, അങ്കണവാടി വര്‍ക്കേഴ്സ് ഫെഡറേഷന്, ആശ വര്‍ക്കേഴ്സ് ഫെഡറേഷന് എന്നിവരെല്ലാം ചേര്‍ന്ന് ഡല്‍ഹിയില്‍ ശക്തമായ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിൽ കേരളത്തില്‍ പരിഗണിക്കുന്നതുപോലെ ഒരു സ്ഥലത്തും ഈ വിഭാഗത്തെ പരിഗണിക്കുന്നില്ല എന്നതാണ് സത്യമെന്നും എളമരം കരീം കൂട്ടിച്ചേർത്തു.