ഇന്ത്യ-ഫിലിപ്പൈൻസ് വിമാനസർവീസ് ഉടൻ
എസ്. ആർ. സുധീർകുമാർ
Tuesday, February 25, 2025 9:57 PM IST
കൊല്ലം: ഇന്ത്യയിൽനിന്ന് ഫിലിപ്പൈൻസിലേക്കും തിരികെയും നേരിട്ടുള്ള വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിൽനിന്നു ഫിലിപ്പൈൻസിന്റെ തലസ്ഥാനമായ മനിലയിലേക്ക് ഏതാനും മാസങ്ങൾക്കുള്ളിൽ സർവീസ് തുടങ്ങുമെന്നാണു വിവരം.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം ശക്തിപ്പെടുന്നതിന്റെ ഭാഗമായി സിവിൽ ഏവിയേഷൻ അഥോറിറ്റി ഓഫ് ഫിലിപ്പൈൻസിലെ ഉദ്യോഗസ്ഥർ എയർ ഇന്ത്യയിലെ ഉന്നത അധികാരികളുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി. വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തന ആവശ്യകതകൾ, സാങ്കേതികമായ വിഷയങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ, ലോജിസ്റ്റിക്സ് എന്നിവ അടക്കമുള്ള വിഷയങ്ങളും ചർച്ച ചെയ്തു.
ഫിലിപ്പൈൻസിലേക്ക് ഇന്ത്യൻ സന്ദർശകരുടെ എണ്ണം വർധിച്ച് വരികയാണ്. സമീപ വർഷങ്ങളിൽ ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് ഫിലിപ്പൈൻസ് ഏറെ ആകർഷകമായ സ്ഥലമായി മാറിക്കഴിഞ്ഞു. കൂടാതെ ഇന്ത്യൻ യാത്രക്കാർക്കായി ഇ-വീസ സംവിധാനം ഏർപ്പെടുത്തിയത് ഫിലിപ്പൈൻസ് സന്ദർശന പ്രക്രിയ കൂടുതൽ ലളിതമാക്കിയിട്ടുണ്ട്.
2024-ൽ 79,000 ഇന്ത്യൻ സഞ്ചാരികൾ ഫിലിപ്പൈൻസിൽ എത്തി എന്നാണ് ഔദ്യോഗിക കണക്ക്. 2023 നെ അപേക്ഷിച്ച് ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 12 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്.