കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്ര; ഉയർന്ന വിമാന ടിക്കറ്റ് നിരക്കിൽ ഇടപെടാനാകില്ലെന്ന് കേന്ദ്രം
Tuesday, February 25, 2025 7:49 PM IST
ന്യൂഡൽഹി: കരിപ്പൂരിൽ നിന്ന് ഹജ്ജ് യാത്രയ്ക്കായുള്ള ഉയർന്ന വിമാന ടിക്കറ്റ് നിരക്കിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഓരോ വർഷവും യാത്രയുമായി ബന്ധപ്പെട്ടു ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെൻഡർ ക്ഷണിക്കാറുണ്ട്.
അതിൽ പങ്കെടുക്കുന്നവർ സമർപ്പിക്കുന്ന ഏറ്റവും കുറവ് ടെൻഡർ ആണ് പരിഗണിക്കുക. ഇത്തവണത്തെ കരിപ്പൂരിലെ ടെൻഡറിൽ ഏറ്റവും കുറവ് വന്ന തുക 128000 ആണെന്നും ഇതിൽ ഇടപെടാൻ ആകില്ലെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
ഹാരിസ് ബീരാൻ എംപിയുടെ കത്തിന് മറുപടി ആയി ആണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കരിപ്പൂരിൽനിന്നുള്ള ഹജ്ജ് യാത്രയ്ക്കായുള്ള ഉയർന്ന വിമാനത്തുകയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള മന്ത്രിമാരും കേന്ദ്രത്തിനു കത്തയച്ചിരുന്നു.