ആന ഒരാളെ ആക്രമിച്ചാൽ ആനയുടെ ഉടമസ്ഥൻ പിണറായി എന്ന് പറയും; കാട്ടില്‍ മോദിയുടെ നിയമം എന്ന് വിജയരാഘവൻ
Tuesday, February 25, 2025 6:55 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ തുടർച്ചയായ കാട്ടാനയാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് എ. വിജയരാഘവൻ. ആന കാട്ടിലെ മറ്റുമൃഗങ്ങളെ പോലെയല്ലെന്നും ബാക്കി മൃഗങ്ങൾ വിശപ്പുണ്ടായാൽ മാത്രമേ ആരെയെങ്കിലും ആക്രമിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വന്യമൃഗങ്ങൾ ധാരാളമായി വർധിച്ചിരിക്കുകയാണ്. അവ നാട്ടിലേക്കിറങ്ങുകയാണ്. ആനയുടെ അടുത്ത് പോകരുതെന്ന് നമ്മള് ആദ്യം മനസിലാക്കണം.
ഒളിച്ചുനിന്നുവരെ ആന ആക്രമിച്ചേക്കും. വന്യമൃഗങ്ങള്‍ക്ക് ജാതിയും മതവും ഇല്ല. ആന ആരെ കണ്ടാലും ചവിട്ടും. ആന ഒരാളെ ആക്രമിച്ചാൽ ആനയുടെ ഉടമസ്ഥൻ പിണറായി വിജയനാണെന്ന് പറയുമെന്നും വിജയരാഘവൻ പരിഹസിച്ചു.
കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ചപ്പോള്‍ അത് പിണറായിയുടെ ആന അല്ല എന്ന് പറഞ്ഞതിന് നന്ദി. കാട്ടില്‍ പിണറായിയുടെ നിയമം അല്ല മോദിയുടെ നിയമം ആണെന്നും വിജയരാഘവന് പറഞ്ഞു.