സിഖ് വിരുദ്ധ കലാപം; മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ജീവപര്യന്തം
Tuesday, February 25, 2025 3:34 PM IST
ന്യൂഡൽഹി∙ സിഖ് വിരുദ്ധ കലാപത്തിനിടെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ജീവപര്യന്തം. ഡൽഹിയിലെ റോസ് അവന്യു കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസിൽ സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഫെബ്രുവരി 12ന് കോടതി കണ്ടെത്തിയിരുന്നു. മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട സജ്ജൻ കുമാർ നിലവിൽ തിഹാർ ജയിലിലാണ്.
ഡൽഹിയിലെ സരസ്വതി വിഹാറിലാണ് 1984 നവംബർ ഒന്നിന് ജസ്വന്ത് സിംഗിനെയും മകൻ തരുൺ ദീപ് സിംഗിനെയും തീ കൊളുത്തി കൊലപ്പെടുത്തുകയും വീട് കൊള്ളയടിക്കുകയും ചെയ്തത്. അക്രമി സംഘത്തെ നയിച്ചത് സജ്ജൻ കുമാറാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 1991ലാണ് സജ്ജൻകുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
1994 ൽ തെളിവില്ലെന്ന പേരിൽ കുറ്റപത്രം തള്ളി. 2015ൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. 2016 ൽ പുനരന്വേഷണം വേണമെന്ന് കോടതിയിൽ ആവശ്യപ്പെട്ട പ്രത്യേക അന്വേഷണ സംഘം 2021ൽ സജ്ജൻകുമാറിനെ അറസ്റ്റ് ചെയ്തു. ഡൽഹി പാലം കോളനിയിൽ അഞ്ച് പേർ കൊല്ലപ്പെട്ട കേസിലാണു നേരത്തേ സജ്ജൻകുമാറിനു ജീവപര്യന്തം തടവ് ലഭിച്ചത്. ഇതിനെതിരായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ഔട്ടര്‍ ഡല്‍ഹിയില്‍നിന്നാണ് നേരത്തേ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സജ്ജന്‍ കുമാര്‍ ലോക്സഭയില്‍ എത്തിയത്. എന്നാല്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ഇയാള്‍ രാജി വച്ചിരുന്നു.