ചുങ്കത്തറ അവിശ്വാസം: വോട്ടെടുപ്പിന് മുന്‍പ് ഏറ്റുമുട്ടി പ്രവര്‍ത്തകര്‍, നടുറോഡിൽ കൈയാങ്കളി
Tuesday, February 25, 2025 12:40 PM IST
ചുങ്കത്തറ: മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ഭരണ സമിതിക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവശ്വാസ പ്രമേയത്തിന് മേല്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സംഘര്‍ഷം.
ഇടതുമുന്നണിയിലെ ഒരംഗം യുഡിഎഫിന് അനികൂലമായി വോട്ടുചെയ്യുമെന്ന് പി.വി. അന്‍വര്‍ അറിയിച്ചേതാടെയാണ് അവിശ്വാസ പ്രമേയത്തിന് മുന്‍പ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. സ്ഥലത്ത് കനത്ത പോലീസ് കാവലുണ്ട്.
എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ പോലീസ് ലാത്തി വീശി. ഇരുപതംഗ ഭരണസമിതിയില്‍ പത്ത് അംഗങ്ങള്‍ വീതമാണ് എല്‍ഡിഎഫ് -യുഡിഎഫ് അംഗബലം. അടുത്തിടെ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ യുഡിഎഫ് വിജയിച്ചതോടെയാണ് അംഗ ബലം തുല്യമായത്.
ഒരംഗം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്താല്‍ ഇടതുമുന്നണിക്ക് ചുങ്കത്തറ പഞ്ചായത്ത് ഭരണം നഷ്ടമാവും. പഞ്ചായത്ത് ഭരണം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ സിപിഎം അവസാന സമയത്തും നടത്തുകയാണ്. വയനാട് പനമരത്തിനു പിന്നാലെ ചുങ്കത്തറ പഞ്ചായത്ത് കൂടി ഇടതുമുന്നണിയില്‍നിന്ന് യുഡിഎഫിലെത്തിക്കാനായാല് നിലമ്പൂരില്‍ കരുത്തുകാട്ടാമെന്നാണ് പി.വി അന്‍വറിന്റെ പ്രതീക്ഷ.