ഏകദിനത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ക്യാച്ച് എടുത്ത താരമായി കോഹ്ലി
Sunday, February 23, 2025 6:40 PM IST
ദുബായ്: രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ക്യാച്ച് നേടുന്ന താരമെന്ന റിക്കാർഡ് സ്വന്തമാക്കി വിരാട് കോഹ്ലി. 158 ക്യാച്ചുകളാണ് കോഹ്ലി എടുത്തിട്ടുള്ളത്.
പാക്കിസ്ഥാനെതിരായ ചാന്പ്യൻസ് ട്രോഫി മത്സരത്തിൽ രണ്ട് ക്യാച്ചുകൾ എടുത്തതോടെയാണ് കോഹ്ലിയുടെ ക്യാച്ചുകളുടെ എണ്ണം 158 ആയത്. 156 ക്യാച്ചുകൾ എടുത്തിരുന്ന മുഹമ്മദ് അസറുദ്ദീന്റെ റിക്കാർഡാണ് കോഹ്ലി തകർത്തത്.
കുൽദീപ് യാദവിന്റെ പന്തിൽ പാക് താരം നസീം ഷായുടെ ക്യാച്ച് എടുത്തതോടെയാണ് റിക്കാർഡ് നേട്ടത്തിൽ കോഹ്ലി എത്തിയത്. പിന്നീട് ഖുഷ്ദിൽ ഷായുടെ ക്യാച്ച് കൂടി എടുത്തതോടെയാണ് കോഹ്ലി എടുത്ത ക്യാച്ചുകളുടെ എണ്ണം 158 ആയത്.
രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനും കോഹ്ലിക്ക് സാധിച്ചു. 218 ക്യാച്ച് എടുത്ത ശ്രീലങ്കയുടെ മഹേല ജയവർധനെയും 160 ക്യാച്ചുകൾ എടുത്ത ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗും മാത്രമാണ് കോഹ്ലിക്ക് മുന്നിലുള്ളത്.